കോട്ടയം : ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ വൻ തോതിൽ കഞ്ചാവെത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. കോട്ടയം കാരാപ്പുഴ പതിനാറിൽചിറ ഭാഗത്ത്‌, കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ (24), പത്തനംതിട്ട ചാലപ്പള്ളി കുടകലുങ്കൽ ഭാഗത്ത്‌ നന്ദനം വീട്ടിൽ അഭിഷേക് കെ.മനോജ് (22), തിരുവാർപ്പ് കാഞ്ഞിരംകരയിൽ പാറേൽനാൽപ്പത്തിൽ വീട്ടിൽ പി.ആർ.ജെറിൻ (22) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജൊ പി.ജോസഫ് അറസ്റ്റ് ചെയ്തത്. ട്രാവൽ ബാഗിൽ കടത്തിക്കൊണ്ടുവന്ന എട്ടര കിലോ കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു.

ജില്ലയിലേക്ക്‌ വൻതോതിൽ കഞ്ചാവ് എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വ്യാഴാഴ്ച രാവിലെ പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് ആർ.എം.എസിന്‌ സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

ആന്ധ്രയിൽനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കോട്ടയം നഗരമധ്യത്തിൽ കുരുമുളക് സ്‌പ്രേ അടിച്ച് കൊറിയർ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായ ബാദുഷ. ഇതുൾപ്പെടെ 15-ലേറെ കേസുകൾ ഇയാൾക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു. ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളിലും വിവിധ കേസുകളിൽ ഇയാൾ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോട്ടയം ഈസ്റ്റ് എസ്.ഐ. ശ്രീരംഗൻ, എ.എസ്.ഐ. ഷോബി, സ്‌ക്വാഡ് അംഗങ്ങളായ തോമസ് കെ.മാത്യു, പ്രതീഷ് രാജ്, പി.കെ.അനീഷ്, അജയകുമാർ, ശ്രീജിത്ത് ബി.നായർ, അരുൺ എസ്., ഷമീർ, അനൂപ് എസ്. എന്നിവരാണ് സംലത്തിലുണ്ടായിരുന്നത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.