കോട്ടയം : എം.ജി.സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ്. പ്രവർത്തകർക്കെതിരേയുള്ള എസ്.എഫ്.ഐ. ആക്രമണം ജനാധിപത്യസമൂഹത്തിന് അപമാനമെന്ന് എ.ഐ.വൈ.എഫ്. പ്രമേയം.

ജില്ലാ സമ്മേളനത്തിലാണ് എസ്.എഫ്.ഐ.ക്കെതിരേ പ്രമേയം അവതരിപ്പിച്ചത്. ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തിന്റെ അന്തസ്സത്ത മനസ്സിലാക്കാൻ കഴിയാത്ത ആൾക്കൂട്ടം മാത്രമായി എസ്.എഫ്.ഐ. അധഃപതിച്ചതിന്റെ തെളിവാണ് എം.ജി.സർവകലാശാലാ ക്യാമ്പസിലുണ്ടായത്‌.

പ്രവർത്തകരെ അതിക്രൂരമായി മർദിക്കുകയും സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷാ രാജുവിനെ ജാതിപ്പേരുവിളിച്ച് അപമാനിക്കുകയും കടന്നാക്രമിക്കുകയുംചെയ്ത സംഭവം കേരളീയ സമൂഹത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും അപമാനകരമാണ്. ജനാധിപത്യത്തെ കശാപ്പുചെയ്ത ആൾക്കൂട്ടം മാത്രമായ എസ്.എഫ്‌.ഐ.ക്ക് ഇടതുപക്ഷം എന്നത് ലേബൽമാത്രമാണ്.

അക്രമത്തെ തള്ളിപ്പറയാതെ അക്രമകാരികളെ ന്യായീകരിക്കുകയാണ് എസ്.എഫ്.ഐ. നേതൃത്വം ചെയ്യുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. ഈ സമീപനം തിരുത്താൻ നേതൃത്വം തയ്യാറാകണം. എസ്.എഫ്.ഐ.യുടെ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി. എ.ഐ.വൈ.എഫ്. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. സുജിത്ത് പ്രമേയം അവതരിപ്പിച്ചു.