കടുത്തുരുത്തി : വയോധിക തനിച്ചുതാമസിക്കുന്ന വീടിന്റെ അടുക്കളവാതിൽ തകർത്ത് 17 പവനും അയ്യായിരത്തോളം രൂപയും കവർന്നു. കടുത്തുരുത്തി പാലകര മാമല വീട്ടിൽ ത്രേസ്യാമ്മ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച പുലർച്ചെ 4.30-ഓടെ ത്രേസ്യാമ്മ എഴുന്നേറ്റപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

അടുക്കളവശത്തെ രണ്ട് പാളിയായിട്ടുള്ള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. തുടർന്ന് മേശയിൽ സൂഷിച്ചിരുന്ന താക്കോലെടുത്ത് സമീപത്തെ അലമാര തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു. ത്രേസ്യാമ്മ കിടന്നിരുന്ന മുറിയിൽ സൂഷിച്ചിരുന്നതാണ് നഷ്ടപ്പെട്ട പണം.

വിവരമറിഞ്ഞ് വൈക്കം ഡിവൈ.എസ്.പി. കെ.ജെ.തോമസ്, കടുത്തുരുത്തി എസ്.ഐ. ബിബിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മോഷണംനടന്ന വീട്ടിലെത്തി. ഡോഗ് സ്‌ക്വാഡ്, ഫിംഗർപ്രിന്റ് വിദഗ്‌ധർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി പോലീസ് അറിയിച്ചു.