വൈക്കം : ആശാ വർക്കർമാരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, കുടിശ്ശികയായ വേതനം അനുവദിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാൻ വൈക്കത്ത് ചേർന്ന ആശാ വർക്കർമാരുടെ യോഗം തീരുമാനിച്ചു. കോവിഡ് കാലത്ത് സ്വന്തംസുരക്ഷയും ജീവിതപ്രശ്നങ്ങളും മാറ്റിെവച്ച് ആരോഗ്യവകുപ്പിനൊപ്പം രാപകൽ പ്രവർത്തിക്കുന്നവരാണ് ആശാ വർക്കർമാർ. ഓണറേറിയം, ഇൻസന്റീവ്സ് തുടങ്ങിയവ കുടിശ്ശികയായിട്ട് മൂന്നുമാസം കഴിഞ്ഞു. വേതനംപോലും നൽകാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകുന്നില്ല. ഇതിനെതിരേ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാൻ ആശാ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി.) യോഗം തീരുമാനിച്ചു. എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ടി.എൻ. രമേശൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാർ, ഡി.രഞ്ജിത് കുമാർ, കെ.ഡി. വിശ്വനാഥൻ, ഡി.ബാബു, സാബു പി.മണലൊടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബിന്ദു ദിനേശ് (കൺ.), ലതാ രാഘവൻ, എം.വി.ശശികല (ജോ. കൺ.) എന്നിവരെ തിരഞ്ഞെടുത്തു.