കടുത്തുരുത്തി : പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാന ചിത്രം തെളിഞ്ഞു. കല്ലറ പഞ്ചായത്തിൽ 13 വാർഡുകളിലായി 26 സ്ത്രീകളും 21 പുരുഷന്മാരും ഉൾപ്പെടെ 47 പേർ മത്സരരംഗത്തുണ്ട്.
മുളക്കുളത്ത് 17 വാർഡുകളിലായി മത്സരരംഗത്തുള്ളത് 61 സ്ഥാനാർഥികൾ. ഞീഴൂരിൽ 14 വാർഡുകളിലായി 45 പേരും കടുത്തുരുത്തിയിലെ 19 വാർഡുകളിലായി 69 പേരും മത്സരിക്കുന്നു. മാഞ്ഞൂരിൽ 18 വാർഡുകളിലായി 73 സ്ഥാനാർഥികളും ഉണ്ട്.
പല പഞ്ചായത്തുകളിലും റിബലുകൾ മുന്നണികൾക്ക് തലവേദന സൃഷ്ടിക്കുന്നു. കല്ലറ പഞ്ചായത്തില രണ്ടാം വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി വി.ജി. ജനാർദനനെതിരേ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണി തോട്ടുങ്കൽ മത്സരിക്കുന്നു. മൂന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി കുഞ്ഞുമോൾ അശോകനെതിരേ കോൺഗ്രസ് നേതാവ് ലീലാ ബേബിയും മത്സരരംഗത്തുണ്ട്. നേതൃത്വം സീറ്റുനൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരും മത്സരിക്കുന്നത്. മുളക്കുളത്ത് കോൺഗ്രസിന് മൂന്ന് വാർഡുകളിലാണ് റിബൽ സ്ഥാനാർഥികൾ ഉള്ളത്. 12-ാം വാർഡിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് തോമസ് മണ്ണന്തറമ്യാലിലാണ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ റിബലായി മത്സരിക്കുന്നത്. ജനറൽ സീറ്റിൽ വനിതയെ മത്സരിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. 15-ാം വാർഡിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി.കെ. വാസുദേവൻ നായർ ഔദ്യോഗിക സ്ഥാനാർഥിയായ ഡി.സി.സി. സെക്രട്ടറി എം.എൻ. ദിവാകരൻ നായർക്കെതിരേ മത്സരിക്കുന്നു. 16-ാം വാർഡിൽ കോൺഗ്രസ് പതിനാലാം വാർഡ് ബൂത്ത് പ്രസിഡന്റ് പോൾസൺ ആനക്കുഴിയാണ് മുന്നണിയിലെ ഘടക കക്ഷിയായ കേരള കോൺഗ്രസിന്റെ സ്ഥാനാർഥി ഒ.ടി. രാമചന്ദ്രനെതിരേ മത്സരിക്കുന്നത്.
എൽ.ഡി.എഫിൽ രണ്ടാം വാർഡിൽ സി.പി.എം. മുൻ ഏരിയ സെക്രട്ടറി കെ.യു. വർഗീസിനെതിരേ സി.പി.എം. മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം സി.എ. ബിജുവും മത്സരരംഗത്തുണ്ട്. മാഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരേ കോൺഗ്രസ് വിമതൻ മത്സരരംഗത്തുണ്ട്. യു.ഡി.എഫി.ന്റെ സ്ഥാനാർഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ലിസി ജോസും എൽ.ഡി.എഫി.ന്റെ സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിലെ കെ.സി. മാത്യുവുമാണ്. കോൺഗ്രസ് വിമതൻ സാബു കല്ലടയിലാണ് സ്വന്ത്രനായി മത്സരരംഗത്തുള്ളത്.
മാഞ്ഞൂർ ഒമ്പതാം വാർഡിലും റിബലുണ്ട്്്. യു.ഡി.എഫ്. സ്ഥാനാർഥി കോൺഗ്രസിലെ ബിനോയി ഇമ്മാനുവേലാണ്. എൽ.ഡി.എഫ്. സ്ഥാനാർഥി ടോമി പ്ലാക്കുഴിയാണ്. ഇവിടെ കോൺഗ്രസ് വിമതനായി ജയ്സൺ പെരുമ്പുഴയാണ് മത്സരരംഗത്തുള്ളത്. കടുത്തുരുത്തി പഞ്ചായത്തിലെ 12-ാം വാർഡിൽ എൽ.ഡി.എഫിലെ കക്ഷികളായ സി.പി.ഐയുടെ ജോമറ്റും കേരള കോൺഗ്രസ് എമ്മിലെ ഐസക്ക്് വർഗീസും മത്സരരംഗത്തുണ്ട്്്. കെ.എൻ. മനോഹരനാണ് യു.ഡി.എഫ്. സ്ഥാനാർഥി.
കടുത്തുരുത്തി ബ്ലോക്ക്്് പഞ്ചായത്ത്് ഞീഴൂർ ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി സ്‌കറിയ വർക്കിയും യു.ഡി.എഫ്. സഥാനാർഥിയായി കേരള കോൺഗ്രസ് എമ്മിൽനിന്നു ജോസഫ് വിഭാഗത്തിലെത്തിയ ജെയിംസ് തത്തംകുളവും മത്സരിക്കുമ്പോൾ, ജോസഫ് വിഭാഗം യുവജന നേതാവായിരുന്ന ജോൺസ് തത്തംകുളം സ്വതന്ത്രനായി മത്സരരംഗത്തുണ്ട്്്.