ഒളശ്ശ : അയ്മനം ഗ്രാമപ്പഞ്ചായത്ത് 16-ാം വാർഡിൽ ഏനാദി ഭാഗത്ത് റോഡരികിൽ മാലിന്യം തള്ളുന്നതായി വ്യാപക പരാതി. രാപകൽ ഭേദമെന്യേ ആളൊഴിഞ്ഞ നേരം നോക്കിയാണ് മാലിന്യം തള്ളുന്നത്. ചാക്കിൽക്കെട്ടിത്തള്ളുന്നവ മിക്കവയും കെട്ടഴിഞ്ഞ് റോ‍‍ഡരുകിൽ കിടക്കും. ഇറച്ചി അവശിഷ്ടങ്ങളാണ് കൂടുതൽ. ഇവ കൊത്തി വലിച്ച് കാക്കകൾ റോ‍ഡിലേക്കിടും. തെരുവ് നായ്ക്കളും കഴിക്കാനെത്തും. ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ പ്രദേശമാകെ മാലിന്യം ചീഞ്ഞഴുകിയുള്ള ദുർഗന്ധമാണ്. സംഭവം സംബന്ധിച്ച് പഞ്ചായത്തിലും പോലീസിലും വാർഡംഗം പരാതി നൽകി. പലപ്പോഴും ഇത്തരത്തിൽ തള്ളുന്ന മാലിന്യം, വാർഡംഗവും, ഹരിത കർമസേന പ്രവർത്തകരും പ്രദേശവാസികളും ചേർന്നാണ് നീക്കം ചെയ്തത്. വീണ്ടും മാലിന്യം തള്ളിയാൽ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും, പ്രവർത്തന രഹിതമായ സി.സി.ടി.വി. ക്യാമറകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ ഉടൻ തുടങ്ങുമെന്നും വാർഡംഗം അനു ശിവപ്രസാദ് അറിയിച്ചു.