എലിക്കുളം : പഞ്ചായത്തിലെ 14-ാം വാർഡിൽ ഉപതിരഞ്ഞെടുപ്പിന് എൽ.ഡി.എഫ്., യു.ഡി.എഫ്.സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. കേരള കോൺഗ്രസ്(എം) പ്രതിനിധി ടോമി ഇടയോടിയാണ് എൽ.ഡി.എഫ്.സ്ഥാനാർഥി. മുൻ പഞ്ചായത്തംഗമാണ്. കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകത്തിലാണ് യു.ഡി.എഫ്.സ്ഥാനാർഥി. മുൻ പഞ്ചായത്ത് വൈസ്‌പ്രസിഡന്റാണ്.

ടോമി ഇടയോടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് കൺവെൻഷൻ നടത്തി. എൽ.ഡി.എഫ്. ജില്ലാകൺവീനർ പ്രൊഫ.എം.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. തോമസ്‌കുട്ടി വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. എസ്.ഷാജി, സാജൻ തൊടുക, ജെസി ഷാജൻ, പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, എം.പി.സുമംഗലാദേവി എന്നിവർ രക്ഷാധികാരികളായി 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി കെ.സി.സോണി (ചെയർമാൻ), തോമസ്‌കുട്ടി വട്ടയ്ക്കാട്ട് (സെക്ര.), വി.വി.ഹരികുമാർ(കൺവീനർ), രാജൻ ആരംപുളിക്കൽ (ജോ.കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.

യു.ഡി.എഫ്.സ്ഥാനാർഥി ജെയിംസ് ജീരകത്തിൽ നേതാക്കളായ സെബാസ്റ്റ്യൻ പാറയ്ക്കൽ, പ്രസാദ് ഉരുളികുന്നം, ജോഷി കെ.ആന്റണി, വി.ഐ.അബ്ദുൾ കരീം, മാത്യൂസ് പെരുമനങ്ങാട്ട്, തോമാച്ചൻ പാലക്കുടി, അനസ് മുഹമ്മദ്, വിനോദ് തെക്കാത്ത്, വിഷ്ണു പറപ്പള്ളിൽ എന്നിവർക്കൊപ്പമെത്തിയാണ് പത്രിക നൽകിയത്.

ഈ വാർഡിൽ വിജയിച്ചതിന് ശേഷം മരണമടഞ്ഞ ജോജോ ചീരാംകുഴിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമായിരുന്നു പത്രിക സമർപ്പണം.

കോൺഗ്രസിൽനിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച ജോജോ ചീരാംകുഴി ഇരുമുന്നണി സ്ഥാനാർഥികളെയും ഏറെ പിന്നിലാക്കിയാണ് മുൻതിരഞ്ഞെടുപ്പിൽ വിജയിച്ചത്.

കോവിഡ് ബാധിതനായതിനാൽ സത്യപ്രതിജ്ഞ ചെയ്തില്ല. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും മറ്റ് അസുഖങ്ങൾ കൂടി മരണപ്പെടുകയായിരുന്നു.