വൈക്കം : ബൈക്ക് യാത്രികന്റെ പിൻസീറ്റിൽ ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്ത ഭാര്യയുടെ ചിത്രം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ മൊബൈൽ ക്യാമറയിൽ പകർത്തിയത് തർക്കത്തിനിടയാക്കി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് വല്ലകത്ത് വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെയാണ് സംഭവം. സ്‌ത്രീയുടെ ചിത്രം എടുത്തെന്നും റോഡിലെ വളവുള്ള ഭാഗത്താണ് പരിശോധിച്ചതെന്നും ഉദ്യോഗസ്ഥർ മദ്യപിച്ചെന്നും ആരോപിച്ച് നാട്ടുകാർ തടിച്ചുകൂടി. വൈക്കം പോലീസ് സ്ഥലത്തെത്തി. തുടർന്ന് ഇരുകൂട്ടരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു.
നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരുടെ ചിത്രം എടുക്കാൻ അനുവാദം ഉണ്ടെന്നും ലൈസൻസ് ആവശ്യപ്പെട്ടിട്ട് ബൈക്ക് യാത്രികൻ കാണിക്കാതിരുന്നതാണ് തർക്കത്തിനിടയാക്കിയതെന്നും കോട്ടയം എൻഫോഴ്സ്‍മെന്റ് ആർ.ടി.ഒ. ടോജോ എം.തോമസ് പറഞ്ഞു.