ചിത്രങ്ങൾപോലെ മനോഹരം ഈ അകത്തള പൂന്തോപ്പ്സംസ്ഥാനസർക്കാരിന്റെയും ലളിതകലാ അക്കാദമിയുടേതുമുൾപ്പെടെ 78 ഫോട്ടോഗ്രാഫി അവാർഡ് നേടിയ ഫോട്ടോഗ്രാഫർ. മാതൃഭൂമിയുടെ കാർഷിക ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്-സക്കറിയ പൊൻകുന്നം. അദ്ദേഹവും ഭാര്യ ബീന സക്കറിയയും ചേർന്ന് പൂച്ചെടികളുടെ ലോകത്തിലൂടെ നടത്തിയ വിജയസഞ്ചാരം
േകാട്ടയം : പണ്ടൊക്കെ വീടിനു മുന്നിലായിരുന്നു പൂന്തോട്ടവും ചെടികളുമൊക്കെ. എന്നാൽ ഇന്ന് കാലം മാറി. മുറ്റത്തെ സൗന്ദര്യം ഇപ്പോൾ വീടിനുള്ളിലേക്ക് കയറുകയാണ്. വീടിന്റെ അകത്തളങ്ങളിൽ അഴകായി നിറയുന്ന അലങ്കാരച്ചെടികളാണ് ഇപ്പോൾ ട്രെൻഡ്. വീട്ടിനുള്ളിൽ എവിടെയും വളർത്താം. വരാന്തയിലോ സ്വീകരണമുറിയിലോ അടുക്കളയിലോ വെയ്‌ക്കാം. ഓഫീസ് മേശയിലും തീൻമേശയിലും ഇവ ഒതുങ്ങിക്കൂടും. വീടിനുള്ളിൽ പച്ചപ്പ് മാത്രമല്ല ശുദ്‌ധവായു പകരാനും പോസിറ്റീവ് എനർജി നിറയ്‌ക്കാനും ഈ കുഞ്ഞൻ ചെടികൾക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ പുത്തൻവീടുകളിൽ ഇവരും അംഗങ്ങളായിക്കഴിഞ്ഞു.
പല തരക്കാരുണ്ട് ഇൻഡോർ പ്ലാന്റ്‌സ്. വെള്ളവും സൂര്യപ്രകാശവും ഇവയ്‌ക്ക് അധികം വേണ്ട. ചിലതിന് മണ്ണു പോലും വേണ്ട. രണ്ടോ മൂന്നോ ആഴ്‌ചകൂടുമ്പോൾ നനച്ചാൽ മതി.
സാൻസവേരിയ, റബ്ബർപ്ലാൻറ്, എയർപ്ലാന്റ്, കറ്റാർവാഴ, മണിപ്ലാന്റ്, പീസ് ലില്ലി, ലക്കിബാംബൂ, ഫിഗ്, ബേഡ്‌സ് ഓഫ് പാരഡൈസ് തുടങ്ങി താഴേക്ക വളരുന്ന ലൈക്കോ പോഡിയം വരെ ഇക്കൂട്ടത്തിലുണ്ട്. മണ്ണും വെള്ളവും ഇല്ലാതെ വളരാൻ കഴിയുന്ന ചെടിയാണ് എയർ പ്ലാന്റ്. സൻസവേരിയ വീടിനുള്ളിൽ ഓക്‌സിജന്റെ സാന്നിധ്യം കൂട്ടും. ഫിഗ് ചെറിയ മരമായി നിൽക്കും. 100 രൂപ മുതൽ 2400 രൂപ വരെ വിലയുള്ള ചെടികളുണ്ട്. ലോക്‌ഡൗണിനുശേഷം ഇൻഡോർ പ്ലാന്റ്‌സ് വിൽക്കുന്ന കടകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഫ്ലാറ്റിൽ താമസിക്കുന്നവരാണ് കൂടുതലും വാങ്ങാനെത്തുന്നതെന്ന് കടയുടമകൾ പറയുന്നു. അലങ്കാരച്ചെടികൾ വീടുകളിൽ വിൽക്കുന്നവരുമുണ്ട്. ചെടികൾ വിറ്റ് ഒരാഴ്‌ചയിൽ 10000 രൂപ വരെ സമ്പാദിക്കുന്ന വീട്ടുകാരുണ്ട്.
പൊൻകുന്നം: ലോക്ഡൗണിൽ വീട്ടിൽ അടച്ചുപൂട്ടിയിരിക്കേണ്ടിവന്നപ്പോഴത്തെ ആശയം-വീടിന്റെ അകത്തളം ഒന്നു കമനീയമാക്കി, കുറെ പൂച്ചെടികളും ഇലച്ചെടികളും കൊണ്ട്. ഇത് ഫോട്ടോഗ്രാഫർ പൊൻകുന്നം വെച്ചൂർ വീട്ടിൽ സക്കറിയയുടെ വിജയപരീക്ഷണത്തിന്റെ കഥ.
സക്കറിയയുടെ ഫോട്ടോകൾ പോലെ തന്നെ മനോഹരം ഇപ്പോൾ വീടിന്റെ അകത്തളത്തിലെയും മുറ്റത്തെയും പൂന്തോപ്പിന്റെ കാഴ്ച. പൂച്ചെടിക്കൊപ്പം ഭംഗി ഇലച്ചെടിക്കുമുണ്ടെന്ന് വെളിവാക്കുന്ന മനോഹരദൃശ്യങ്ങൾ. വെള്ളത്തിലല്ലാതെ വളരുന്ന പായൽച്ചെടികളുമുണ്ട്.
സക്കറിയ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ടപ്പോൾ ഇത്തരമൊരു പൂന്തോപ്പ് തന്റെ വീട്ടിലുമായിക്കൂടെയെന്നു പലരും ചിന്തിച്ചു. അത് സക്കറിയയ്ക്കും ഭാര്യ ബീന സക്കറിയയ്ക്കും വഴിതുറന്നത് പുതിയൊരു ബിസിനസ്.
ഇപ്പോൾ ദിവസവും രണ്ടായിരം രൂപയോളം ചെടി വിറ്റ് വരുമാനം. മണ്ണുത്തിയിൽനിന്നും പുണെയിൽ നിന്നുമെത്തിച്ചവയാണ് ചെടികൾ. അവയുടെ പുനരുത്പാദനം നടത്തിയാണ് വിപണനം. വാങ്ങുന്നവർക്ക് പരിചരണം സംബന്ധിച്ച് സംശയനിവാരണത്തിന് എപ്പോൾ വേണമെങ്കിലും വിളിക്കാം. 250 രൂപ മുതലുള്ള ചെടികളുണ്ട്.
മാത്യു ദേവസ്യ
കാഞ്ഞിരപ്പള്ളി: വീടിനോടുചേർന്ന് തുടങ്ങിയ പുന്തോട്ടത്തിൽനിന്ന് ചെടികൾ പറിച്ചുനട്ട് തൈകളാക്കി വില്പന തുടങ്ങിയ റോസ് ഗാർഡനിലെ ചെടികൾക്കിന്ന് ആവശ്യക്കാർ ഏറെ. കുന്നുംഭാഗം കണിച്ചുകാട്ട് ബിസ്‌മി ബിനു 10 വർഷമായി ചെടികൾ വിൽക്കാൻ തുടങ്ങിയിട്ട്. നിലവിൽ വീട്ടിലെ അലങ്കാരച്ചെടികൾക്ക് ആവശ്യക്കാർ ഏറെയാണ്. 2000മുതൽ 4000 രൂപവരെ വിലയുള്ള ചെടികളുടെ തൈകൾ റോസ് ഗാർഡനിൽ 200മുതൽ 500 രൂപവരെ വിലയിൽ ലഭിക്കും.
മണ്ണുത്തിയിൽനിന്ന് കൊണ്ടുവരുന്ന ചെടികളിൽനിന്ന് ഇലകളും തണ്ടുകളും പറിച്ചുനട്ട് തൈകൾ ഉത്പാദിപ്പിച്ചാണ് വില്പന നടത്തുന്നത്. വാങ്ങുന്നയാളുകൾക്ക് ലാഭം ലഭിക്കുന്നതിനൊപ്പം കൂടുതൽ കച്ചവടം നടക്കാനും ഈ രീതി സഹായകരമാകുമെന്ന് പറയുന്നു. ലോക്ഡൗൺ ആരംഭിച്ചതുമുതൽ ഈ രീതിയിലാണ് തൈകൾ വിൽക്കുന്നത്. തൈകൾ എടുക്കാൻ പോകാൻ യാത്ര മുടങ്ങിയതോടെയാണ് തൈകൾ പറിച്ചുനട്ട് ഉത്പാദിപ്പിക്കാൻ ആരംഭിച്ചത്. ആവശ്യക്കാർ ഏറിയതോടെ പീന്നീട് സജീവമായി.
അഗ്ലോണിമ, സ്പൈഡർപ്ലാന്റ്, പീസ് ലില്ലി, ഫിറ്റോണിയ, റബ്ബർ പ്ലാന്റ്, സിൽക്ക് പ്ലാന്റ് തുടങ്ങി നിരവധിയിനങ്ങളിലുള്ള അലങ്കാരച്ചെടികളുടെ തൈകൾ നൽകിവരുന്നു. ദിവസേന 500 രൂപമുതൽ വരുമാനം നേടാനാകുന്നുണ്ട്. ബിസ്മിയുടെ വഴി പിന്തുടർന്ന് നിരവധി വീട്ടമ്മമാരും മേഖലയിൽ അലങ്കാരച്ചെടി തൈകൾ ഉത്പാദനവും വിപണനവും ആരംഭിച്ചിട്ടുണ്ട്.
അലുമ്‌നി അസോസിയേഷൻ വാർഷികം
കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ അലുമ്‌നി അസോസിയേഷൻ വാർഷിക പൊതുയോഗവും റിപ്പബ്ലിക് ദിനാഘോഷവും 26-ന് 11-ന് നടത്തും. പ്രിൻസിപ്പൽ സി.ജി.അനിത അധ്യക്ഷത വഹിക്കും. സൂം വെർച്വൽ പ്ലാറ്റ്‌ഫോമിൽ ഓൺലൈനായാണ് യോഗം നടത്തുന്നതെന്ന് സെക്രട്ടറി പി.യു.ഹഫീസ് മുഹമ്മദ് അറിയിച്ചു. ഫോൺ: 9847697489.