കോട്ടയം : നഗരസഭയിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ബി.ജെ.പി. എൽ.ഡി.എഫിനെ പിന്തുണച്ചേക്കുമെന്ന്‌ സൂചന. ബുധനാഴ്ച ചേർന്ന പാർട്ടി കോർ കമ്മിറ്റിയോഗം ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ തേടാൻ ജില്ലാ പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

പാർട്ടിയുടെ എട്ട്‌ കൗൺസിലർമാരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന്‌ അഭിപ്രായപ്പെട്ടതായാണ്‌ സൂചന.

ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. എൽ.ഡി.എഫിനൊപ്പം ബി.ജെ.പി.യും നഗരസഭാ ഭരണത്തിനെതിരേ പ്രതിഷേധം നടത്തിയിരുന്നു. ബി.ജെ.പി.ക്ക്‌ എട്ട്‌ അംഗങ്ങളാണുള്ളത്‌.

നിലവിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 22 അംഗങ്ങൾ വീതമാണുള്ളത്‌. അവിശ്വാസം പാസായാൽ ഇൗരാറ്റുപേട്ടക്കു പിന്നാലെ യു.ഡി.എഫിന്‌ നഷ്‌ടമാകുന്ന രണ്ടാമത്തെ നഗരസഭയാകും കോട്ടയം.