ചങ്ങനാശേരി : കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് വീണ് മരിച്ച യുവതിയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടിൽ സണ്ണിയുടെയും ബിജിയുടെയും ഏകമകൾ സുബി ജോസഫ് (25) ആണ് മരിച്ചത്. സംസ്ക്കാരം വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് മാമ്മൂട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടക്കും.

കഴിഞ്ഞ ദിവസം പ്രതിശ്രുത വരനൊപ്പം ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യവേ പൂവത്തുംമൂടിനുസമീപമായിരുന്നു അപകടം.

കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിന്റെ ഹാൻഡിലിൽ തട്ടിയതിനെ തുടർന്ന് ബൈക്കിന്റെ പിന്നിലിരുന്ന സുബി ബസിനടിയിലേക്ക്‌ വീണ് സുബിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങിയാണ്‌ മരിച്ചത്‌.

കിളിയങ്കാവ് വടക്ക് പാടശേഖരത്തിൽ മൂന്ന് പെട്ടി നിർമിച്ചു

ചങ്ങനാശ്ശേരി : ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് സർക്കാരിൽനിന്നു ലഭിച്ച മൂന്ന് പെട്ടികൾ ഉപയോഗശൂന്യമായപ്പോൾ പമ്പിങ്ങിനുവേണ്ടി കർഷകരിൽനിന്ന് ഫണ്ട് ശേഖരിക്കാതെ സ്വന്തംനിലയ്ക്ക് നിർമിച്ച് പാടശേഖരസമിതി. മുൻപ് സർക്കാരിൽനിന്ന് ലഭിച്ച മൂന്ന് മോട്ടോറുകളും പറകളും ഇപ്പോഴും സംരക്ഷിച്ചുപോരുകയാണ് പാടം. മൂന്നര പതിറ്റാണ്ടായി പാടശേഖര സമിതിയുടെ അമരത്തുള്ള കെ.ഗോപകുമാർ, ജെ.ഗോപിദാസ് എന്നിവരുടെയും കൺവീനർ രാജേന്ദ്രപ്രസാദിന്റെയും നേതൃത്വത്തിലാണ് പെട്ടികൾ നിർമിച്ചത്.

ശിലാസ്ഥാപനം 24-ന്

മുരിക്കുംവയൽ : ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സർക്കാർ അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഹയർ സെക്കൻഡറി ലാബിന്റെയും ലൈബ്രറിയുടെയും ശിലാസ്ഥാപനം 24-ന് 10.30-ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. പുഷ്പമണി മുഖ്യപ്രഭാഷണം നടത്തും.