കോട്ടയം : കോവിഡ് തിരക്ക് കഴിഞ്ഞതോടെ ജനറൽ ആശുപത്രി കടുത്ത സാമ്പത്തിക പ്രയാസത്തിൽ.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ട് കോവിഡ് കാലം കഴിഞ്ഞതോടെ അവസാനിപ്പിച്ചു. ഒന്നര വർഷമായി ടിക്കറ്റ് ഇനത്തിലും മറ്റുമുള്ള വരുമാനവും നിലച്ചു. കോവിഡ് രോഗികൾക്കും സഹായികൾക്കും ഉച്ചഭക്ഷണം കൊടുത്ത വകയിലും വലിയ ചെലവ് നേരിട്ടു.

വികസനസമിതിയുടെ ഫണ്ട് നീക്കിയിരിപ്പ് ഇല്ലാതായി. പോലീസ് കാന്റീനിൽ ഭക്ഷണം വാങ്ങിയ വകയിൽ 7.50 ലക്ഷം ജനറൽ ആശുപത്രി നൽകാനുള്ളത് കടമാണ്.

ഏഴ്, എട്ട്, 11, 12 വാർഡുകളാണ് കോവിഡ് വാർഡുകളാക്കി നീക്കിവെച്ചത്. നിലവിൽ 11, 12 എന്നിവയിൽ മാത്രമേ

രോഗികളുള്ളൂ. ദേശീയ ആരോഗ്യദൗത്യം നിയമിച്ചിരുന്ന 65 താത്‌കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.

കോവിഡ് വാർഡ് പൂർണമായും അടയ്ക്കാത്തതിനാൽ 15 ജീവനക്കാരെങ്കിലും വേണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

കുറച്ച് നഴ്സുമാർ, ശുചീകരണ ജീവനക്കാർ എന്നിവരുടെ സഹായം ഇനിയും വേണം. ആശുപത്രിയിൽ മൂന്ന് ഷിഫ്റ്റുകളിലായി 625 പേരാണ് സ്ഥിരം ജീവനക്കാർ.

ഒാരോ ഷിഫ്റ്റിലും കോവിഡ് ജോലികൂടി ചെയ്യാൻ ഇവർ മാത്രം പോരാ.

പക്ഷേ, ഫണ്ടില്ലാത്തതിനാൽ താത്‌കാലിക ജീവനക്കാരെ നിയമിക്കാൻ ആശുപത്രിക്ക് വകയില്ല. ആന്റിജൻ പരിശോധന സർക്കാർ നിർദേശപ്രകാരം അവസാനിപ്പിച്ചു. ആർ.ടി.പി.സി.ആറിനുള്ള സ്രവം ശേഖരിച്ച് മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുന്നുണ്ട്.