കറുകച്ചാൽ : കങ്ങഴ, നെടുംകുന്നം, കറുകച്ചാൽ എന്നീ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാനായി 180 കോടി രൂപയുടെ പദ്ധതി ആരംഭിക്കുമെന്ന് എൻ. ജയരാജ് എം.എൽ.എ. അറിയിച്ചു.
സംസ്ഥാന ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് പഞ്ചായത്തുകളിലെ 800 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇതിനായി മൂന്നുകോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
കങ്ങഴ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളിലെ 50 ശതമാനം പ്രദേശത്ത് മാത്രമെ കുടിവെള്ള വിതരണം നടക്കുന്നുന്നുള്ളൂ. ഇത് കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിക്കാനും കുടിവെള്ള വിതരണം ഊർജിതമാക്കാനും നടപടി സ്വീകരിക്കും. 19531 കുടുംബങ്ങൾക്ക് പ്രതിദിനം 100 ലിറ്റർ വെള്ളം ലഭ്യമാക്കാനും പദ്ധതിയുണ്ട്. ആനിക്കാട് പഞ്ചായത്തിലെ ഉള്ളൂർപടിക്ക് സമീപം മണിമലയാറിനോട് ചേർന്ന് കിണർ നിർമിച്ചാണ് വെള്ളം എടുക്കുന്നത്. നെടുംകുന്നം ചേലക്കൊമ്പിൽ ആധുനിക രീതിയിൽ നിർമിക്കുന്ന 16 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽനിന്നു മൂന്ന് പഞ്ചായത്തുകളിലേക്ക് വെള്ളം വിതരണം ചെയ്യും.
180 കോടി രൂപയോളം െചലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സാങ്കേതിക റിപ്പോർട്ട് മേയ് മാസത്തോടെ പൂർത്തിയാകുമെന്ന് ജലസേചനവകുപ്പ് മന്ത്രി സബ്മിഷന് മറുപടി നൽകിയതായി എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു.
ചങ്ങനാശ്ശേരിയിൽ നടപടി
ചങ്ങനാശ്ശേരി : നഗരസഭാ പ്രദേശത്തെ ജലവിതരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നഗരസഭയുടെ ശ്രമം തുടങ്ങി. കഴിഞ്ഞദിവസം ജലവിതരണവകുപ്പ് ഉദ്യോഗസ്ഥരുമായി നഗരസഭാധ്യക്ഷ സന്ധ്യാ മനോജിന്റെ നേതൃത്വത്തിൽ ഉപാധ്യക്ഷനും സ്ഥിരംസമിതി അധ്യക്ഷന്മാരും ചേർന്ന് ചർച്ച നടത്തി. ചർച്ചകളിൽ എടുത്ത തീരുമാനങ്ങൾ ഇവയാണ്.
നഗരത്തിൽ പൊട്ടിയതും ഉപയോഗശൂന്യമായതുമായി പൊതുടാപ്പുകൾ മാറ്റും. ഇതോടെ നഗരത്തിൽ കുടിവെള്ളം പാഴാകുന്നതിന് ഒരുപരിധിവരെ പരിഹാരമാകും.
നഗരത്തിലെ പൊട്ടിയ പൈപ്പുകൾ മാറ്റിയിടും.
കല്ലിശ്ശേരി പദ്ധതിയിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക് വെള്ളം എത്തിക്കുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത് വൈദ്യുതിയാണ്. വൈദ്യുതി തടസ്സംമൂലം പലദിവസങ്ങളിലും പൂർണമായ രീതിയിൽ വെള്ളം പമ്പ് ചെയ്യാനാവുന്നില്ല. ഇതിന് പരിഹാരം കാണണമെന്ന് വൈദ്യുതി വകുപ്പ് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ട്.
ചങ്ങനാശ്ശേരി നഗരസഭാപ്രദേശത്തിന് മാത്രമായി ഒരു പദ്ധതിയാണ് നഗരത്തിലെ ജലവിതരണം തടസ്സമില്ലാതെ നടപ്പാക്കുന്നതിന് പരിഹാരം. ഇതിനായി കഴിഞ്ഞദിവസം ജലവിതരണവകുപ്പ് അധികൃതർ രൂപരേഖയുടെ സ്കെച്ച് കൊണ്ടുവന്നിരുന്നു. ഇതിന്റെ പൂർണമായ രൂപരേഖ തയ്യാറാക്കി സമർപ്പിക്കാൻ നഗരസഭാധികൃതർ ജലവിതരണവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.