കോട്ടയം : ശാസ്ത്രി റോഡ് നവീകരണത്തിന്റെ ഭാഗമായി പബ്ലിക് ലൈബ്രറിക്ക് മുൻഭാഗം മുതൽ ലോഗോസ് ജങ്ഷൻവരെ ഉയർത്തിയ ഭാഗത്തെ ടാറിങിനും തുടക്കമായി. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് ടാറിങ് ആരംഭിച്ചത്. തിരുവഞ്ചൂർ എം.എൽ.എ യും എൻജിനീയർമാരും രാത്രിയിൽ സ്ഥലം സന്ദർശിച്ചു. പഴയ റോഡിൽനിന്ന് രണ്ടടിവരെ ഉയർത്തിയിട്ടുണ്ട്. ഇതോടെ മഴക്കാലത്ത് റോഡ് വെള്ളക്കെട്ടിലാകുന്നത് ഒഴിവാകും.
ഈ ഭാഗങ്ങളിൽ ഓടയുടെ പണിയും നടക്കുന്നുണ്ട്. ദർശനയ്ക്ക് സമീപം കലുങ്കിന്റെ വാർക്ക കഴിഞ്ഞിട്ടുണ്ട്. പാതിഭാഗത്തിന്റെതാണിത്. രണ്ടാഴ്ചകൊണ്ട് ശീമാട്ടി റൗണ്ടാന മുതൽ ലോഗോസ് വരെയുള്ള റോഡിന്റെ പാതിഭാഗത്തിന്റെ പണിപൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
13മുതൽ 15വരെ വീതിയിലാണ് നവീകരണം നടക്കുന്നത്. നടുക്ക് മീഡിയനും ഉണ്ടാകും. പാതനവീകരണത്തിന്റെ ഭാഗമായി മരങ്ങൾ മുറിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഓടയുടെ പണിക്ക് അവശ്യം നീക്കേണ്ടവ മാത്രമേ മുറിക്കൂ എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. കെ.എസ്.ഇ.ബി. വളപ്പിന് പുറത്തുനിന്ന ഒരുമരം മുറിച്ചുനീക്കിയിട്ടുണ്ട്. വാകമരമായിരുന്നു ഇത്.
ഗതാഗതനിയന്ത്രണം തുടരും
ശീമാട്ടി റൗണ്ടാനമുതൽ ലോഗോസ് വരെ വലതുവശത്തെ ഭാഗത്തുകൂടി ഒറ്റവരി ഗതാഗതം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ശാസ്ത്രിറോഡ് ബസ് ബേ ഭാഗം ബസുകൾക്ക് മാത്രമായി പ്രവേശിക്കാം.
ഇവിടെ ബസ് കയറി ലൈബ്രറിക്ക് മുൻഭാഗത്ത് വലതുവശത്തെ ഭാഗത്തേക്ക് പ്രവേശിച്ചാണ് യാത്ര. മറ്റെല്ലാ വാഹനങ്ങളും വലതുവശം മാത്രം. ലോഗോസിൽനിന്ന് ശാസ്ത്രിറോഡുവഴി ശീമാട്ടി റൗണ്ടാന ഭാഗത്തേക്ക് യാത്രയില്ല.
നാഗമ്പടത്തേക്കുള്ള വാഹനങ്ങൾ ലോഗോസ് വഴി റെയിൽവേയ്‌ക്ക് മുന്നിലൂടെവേണം നാഗമ്പടത്ത് എത്താൻ. വലതുവശം ഉയർത്തി പണിതുടങ്ങുമ്പോൾ ഇടതുഭാഗംവഴി ഒറ്റവരി ഗതാഗതം അനുവദിക്കാനാണ് പരിപാടി.