കാഞ്ഞിരപ്പള്ളി : ഇന്ത്യൻ രാഷ്ട്രപതിമാരുടെ ചിത്രങ്ങൾ ഇൻവെർട്ടഡ് പോർട്രെയ്‌റ്റ് രീതിയിൽ വരച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇടംനേടി പാറത്തോട് സ്വദേശി അമീൻ സുബൈർ(20). രാഷ്ട്രപതിമാരായ ഡോ. രാജേന്ദ്രപ്രസാദ്, സക്കീർ ഹുസൈൻ, ഗ്യാനി സെയിൽ സിങ്, കെ.ആർ.നാരായണൻ ഡോ. എ.പി.ജെ.അബ്ദുൽ കലാം, പ്രതിഭാ പാട്ടീൽ, രാംനാഥ് കോവിന്ദ് തുടങ്ങിയവരുടെ ഇൻവെർട്ടഡ് പോർട്രെയ്‌റ്റുകളാണ് അമീനിന്റെ കാലാവിരുതിൽ പിറവിയെടുത്തത്.
റെക്കോഡിനായി ഏഴുദിവസത്തെ സമയമാണ് അനുവദിച്ചത്. മൂന്നുദിവസംകൊണ്ട് ചിത്രങ്ങൾ പൂർത്തിയാക്കിയതായി അമീൻ പറഞ്ഞു. നെഗറ്റീവ് മാതൃകയിലാണ് ചിത്രം വരയ്ക്കുന്നത്. പേപ്പറിൽ പെൻസിലുകൊണ്ട് വരച്ച ചിത്രങ്ങൾ മൊബൈലിലെ നെഗറ്റീവ് ആപ്പിലൂടെ ശരിയായ ചിത്രങ്ങളായി കാണാൻ സാധിക്കും.
പരേതനായ കൊച്ചുവീട്ടിൽ സുബൈർ-ബീന ദമ്പതിമാരുടെ മകനും അമൽജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ബി.ടെക്. വിദ്യാർഥിയുമാണ്. അഭിനന്ദിച്ചു.
പാറത്തോട് പബ്ലിക് ലൈബ്രറി, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടിയ അമീൻ സുബൈറിനെ ആദരിച്ചു. പ്രസിഡന്റ് ടി.എ. സെയ്‌നില്ല, സെക്രട്ടറി ടി.വി.സുരേഷ്, പി.ഐ.അഫ്‌സൽ, ബെന്നി നിരപ്പേൽ തുടങ്ങിയവർ നേതൃത്വം നൽകി.