കോട്ടയം : വെള്ളപ്പൊക്കം ഒഴിവാക്കാൻ മീനച്ചിലാറ്റിൽ നടപ്പാക്കുന്ന പദ്ധതികളിൽ വിവാദം. സ്വാഗതം ചെയ്തെങ്കിലും അതിനായി പുഴയിലേക്ക് വീണുകിടക്കുന്ന ആറ്റുവഞ്ചികൾ വെട്ടിമാറ്റുന്നതാണ് തർക്കത്തിനിടയാക്കുന്നത്. ആറ്റുവഞ്ചികൾ വെട്ടിമാറ്റുന്നതിനും അടിഞ്ഞുകൂടിയ മണ്ണുനീക്കി ആഴം കൂട്ടുന്നതിനും 50 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായി.
കളക്‌ടറുടെ പ്രളയദുരിതാശ്വാസഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. ഏറ്റുമാനൂർമുതൽ വട്ടമൂടുകടവ് പാലംവരെയാണ് പുഴസംരക്ഷണം. പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളും വെട്ടിമാറ്റും. ആറ്റുവഞ്ചികൾ വെട്ടുന്നതിനെരേ പരിസ്ഥിതിപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പദ്ധതി ഇങ്ങനെ
പാറമ്പുഴ ഭാഗത്ത് ആറിന്റെ തീരത്ത് ഒരുവശത്ത് മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. ഈ മണ്ണ് മറുവശത്തേക്ക് നീക്കി പുഴയുടെ ചെരിവ് മാറ്റി നിരപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇറിഗേഷൻ വകുപ്പധികൃതർ പറഞ്ഞു. ഇതോടൊപ്പം കൽക്കെട്ടും കുളിക്കടവുകളും പണിയും. ഇതിനായി പുഴയോരത്തെ ചില മരങ്ങൾ വെട്ടേണ്ടിവരുമെന്നാണ് ഇറിഗേഷൻ അധികൃതരുടെ നിലപാട്. പുഴയ്ക്ക് ഒഴുകാൻ സ്ഥലം കണ്ടെത്തുകയും അതുവഴി മഴക്കാലത്ത് വെള്ളപ്പൊക്കം ഒഴിവാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറയുന്നു.
പ്രതിഷേധിക്കാൻ കാരണം
ആറ്റുവഞ്ചികൾ വെട്ടുന്നതിനെതിരേയാണ് ജില്ലാ ട്രീ കമ്മിറ്റിയടക്കമുളള പരിസ്ഥിതി സംഘടനകൾ പ്രതിഷേധിക്കുന്നത്. 2001-ലെ നിയമപ്രകാരം പുഴയിൽ നിർമാണപ്രവർത്തനങ്ങൾ നടത്താൻ കളക്‌ടർ അധ്യക്ഷനായ റിവർ മാനേജ്‌മെന്റ് കമ്മിറ്റി വിശദമായ പഠനം നടത്തണം. ഇത്തരമൊരു പഠനം നടത്തിയിട്ടില്ല. ആറ്റുവഞ്ചികൾ ശുദ്ധജലകണ്ടലുകളാണെന്നും ഇവ സംരക്ഷിക്കണമെന്നാണ് നിയമമെന്നും അവർ പറയുന്നു. കിടങ്ങൂരിൽ സോഷ്യൽ ഫോറസ്‌ട്രിയുടെ നേതൃത്വത്തിലാണ് ആറ്റുവഞ്ചികൾ സംരക്ഷിക്കുന്നത്.