പാലാ : കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച കെ.എം.മാണിയുടെ പ്രതിമ പാലാ കൊട്ടാരമറ്റം ബസ്‌സ്റ്റാൻഡിൽ സ്ഥാപിക്കും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെയും കെ.എം.മാണി ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. കൊട്ടാരമറ്റം സ്റ്റാൻഡിലെ ജോസ് പടിഞ്ഞാറേക്കര സ്മാരക കവാടത്തിന് സമീപമാണ് പ്രതിമ സ്ഥാപനം.
നഗരസഭ സ്ഥലം നൽകി. തുടർന്നുള്ള സംരക്ഷണവും യൂത്ത് ഫ്രണ്ടിന്റെയും ഫൗണ്ടേഷന്റെയും ചുമതലയാണ്. എട്ടരയടി ഉയരമുള്ള പ്രതിമയ്ക്ക് ആയിരം കിലോ തൂക്കമുണ്ടാകും. സിമന്റ് ഉപയോഗിച്ചാണ് നിർമാണം. അവസാനവട്ട മിനുക്കുപണി പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് നാലിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനാച്ഛാദനം നിർവഹിക്കും. മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ജോസ് കെ.മാണി, തോമസ് ചാഴികാടൻ എം.പി. എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, നിർമാണ കമ്മിറ്റി ചെയർമാൻ ബിജു കുന്നേപ്പറമ്പിൽ, വിജയ് മരേട്ട്, ബിജു ഇളംതുരുത്തി, ആൽബിൻ പേണ്ടാനം, രാജേഷ് വാളിപ്ലാക്കൽ, മനോജ് മറ്റമുണ്ടയിൽ, ജോസഫ് സൈമൺ, മനോജ് മറ്റമുണ്ടയിൽ, സുനിൽ പയ്യപ്പള്ളി എന്നിവർ പങ്കെടുത്തു.