കുമരകം : കേരളത്തിലെ ഏറ്റവും വലിയ കായലെന്നും ഏറ്റവും വലിയ തണ്ണീർത്തടമെന്നും പേരുകേട്ടതാണ് വേമ്പനാട്ടുകായൽ. റാംസാർ ഉടമ്പടി പ്രകാരം അന്താരാഷ്‌ട്ര പ്രാധാന്യമുള്ള കായലായി അംഗീകരിച്ചിട്ടുള്ള വേമ്പനാട്ടുകായലിൽ എക്കൽ തുരുത്തുകൾ വളരുകയാണ്.
പമ്പ, മൂവാറ്റുപുഴ, മീനച്ചിൽ, പെരിയാർ, അച്ചൻകോവിൽ, മണിമലയാർ തുടങ്ങിയ നദികളുടെ സംഗമസ്ഥാനമാണ് വേമ്പനാട്ട് കായൽ. കായൽ മുഖാരങ്ങളിലെല്ലാം എക്കൽ അടിഞ്ഞുകൂടിയതിനാൽ അപ്പർ കുട്ടനാടിന്റെ പലപ്രദേശങ്ങളും ചെറിയമഴയിൽ പോലും വെള്ളക്കെട്ടിലാകുന്നു.
കായൽ ഓർമയാകും
ചീപ്പുങ്കൽ, പഴുക്കാനിലക്കായൽ എന്നിവിടങ്ങളിൽ എക്കൽതുരുത്തുകൾ രൂപപ്പെട്ടുകഴിഞ്ഞു. ഹൗസ് ബോട്ടുകൾക്കും ചെറു ബോട്ടുകൾക്കും സഞ്ചരിക്കാൻ സാധിക്കാതെയാകും. ജലാശയം കുറയുന്നത് മത്സ്യസമ്പത്തിനെ ബാധിക്കും. വിസ്തൃതി കുറയുന്ന കായലിൽ വെള്ളം ശേഖരിക്കാൻ കഴിയാതാകുന്നതോടെ കായലിന്റെ തീരപ്രദേശങ്ങളായ കുമരകം, അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര പഞ്ചായത്തുകൾ ചെറുമഴയിൽ പോലും വെള്ളക്കെട്ടിലാകും. ടൂറിസം രംഗത്ത് ശ്രദ്ധേയമായ ആമ്പൽ വസന്തം കായലിന്റെ ആഴക്കുറവാണ് തെളിയിക്കുന്നതെന്ന് പരിസ്‌ഥിതി ഗവേഷകർ പറയുന്നു. കായൽ എക്കൽ നിറഞ്ഞ് നികന്നുവരുന്നുവെന്നതിന്റെ സൂചനയാണിത്.
ജൈവവൈവിധ്യം കുറഞ്ഞു
കായലിന്റെ സ്വാഭാവിക പരിസ്‌ഥിതിയിലുണ്ടായ മാറ്റം ജലജീവികളെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിച്ചു. ആറ്റുകൊഞ്ചിന്റെ തറവാടാണ് വേമ്പനാട്ടുകായൽ. തണ്ണീമുക്കം ബണ്ട് വരുന്നതിനുമുമ്പ് വർഷം 429 ടൺ ആറ്റുകൊഞ്ച് കിട്ടിയിരുന്ന സ്‌ഥാനത്ത് കഴിഞ്ഞ വർഷം 17 ടൺ മാത്രമാണ് കിട്ടിയത്. ആറ്റുകൊഞ്ച് സഞ്ചരിക്കുന്ന ജീവിയാണ്. വൈക്കം കായൽ വരെ ഇവ സഞ്ചരിക്കും. ബണ്ട് അടയ്‌ക്കുന്നതോടെ സഞ്ചാരപഥം തടസ്സപ്പെടുന്നു. തണ്ണീർമുക്കം ബണ്ടിൽ ഫിഷ് പാസേജ് ഒരുക്കണമെന്ന ആവശ്യം നടപ്പാക്കിയില്ലെന്ന് കായൽ ഗവേഷണകേന്ദ്രം ഡയറക്‌ടർ ഡോ. കെ.ജി. പദ്‌മകുമാർ പറയുന്നു.
കായൽ മലിനമാകുന്നു
കായൽ ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിൽ 100 മില്ലീലിറ്റർ കായൽ വെള്ളത്തിൽ കോളിഫോം ബാക്‌ടീരിയയുടെ അളവ് ഇപ്പോൾ 10000 ആണ്. നെൽകൃഷി സംരക്ഷണത്തിന് ഉപ്പുവെള്ളം തടയുന്നതിന് 1975-ലാണ് തണ്ണീർമുക്കം ബണ്ട് നിർമിച്ചത്. കൃഷിക്ക് ഉപയോഗിക്കുന്ന ടൺകണക്കിന് രാസവളങ്ങളുടെ അവശിഷ്ടങ്ങൾ ഒഴുക്കുനിലച്ച കായലിൽ അടിഞ്ഞുകൂടുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുന്നു.
എവിടെപ്പോയി വേദ
വേമ്പനാട് കായലിന്റെ സംരക്ഷണത്തിനായി വേമ്പനാട് ഇക്കോ ഡെവലപ്‌െമന്റ് അതോറിറ്റി(വേദ) എന്ന പേരിൽ 2002-ൽ അതോറിറ്റിക്ക് രൂപം കൊടുക്കാൻ തീരുമാനമായതാണ്. ഒന്നും നടപ്പായില്ല. ഒഡീഷയിലെ ചിൽകാ തടാകത്തിന്റെ സംരക്ഷണത്തിനായി രൂപം കൊടുത്ത ഏജൻസിയുടെ മാതൃകയിലാണ്. നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്.