വൈക്കം : വൈക്കം നഗരസഭയുടെ ചുമതലയിൽ ടൗൺഹാളിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ചികിത്സാകേന്ദ്രം ഫസ്റ്റ് ലൈൻ കോവിഡ് ചികിത്സാകേന്ദ്രമായി ഉയർത്താൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തീരുമാനിച്ചു. കോവിഡ് വ്യാപനം കൂടുതൽ മേഖലകളിലേക്ക് പടർന്നുപിടിച്ച സാഹചര്യത്തിലാണ് രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള അടിയന്തര ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നത്. 70 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ് അടിയന്തരമായി ഇവിടെ ഒരുക്കുന്നത്. മറ്റു മേഖലകളിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ ഇടമില്ലാത്ത സാഹചര്യത്തിലാണ് ടൗൺഹാൾ വൈക്കം ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയത്.

സമയം ക്രമീകരിച്ച് മൂന്ന് ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സേവനം ഇരുപത്തിനാല് മണിക്കൂറും ഇവിടെ ഉണ്ടാകും. അടിയന്തര ചികിത്സാസൗകര്യം വേണ്ടവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. വെന്റിലേറ്റർ സൗകര്യം ഇവിടെ ഇല്ല. വൈക്കം നഗരസഭാ പ്രദേശങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പരമാവധി രോഗികൾക്ക് കിടത്തിച്ചികിത്സ നൽകുകയാണ് ലക്ഷ്യം. ജില്ലയിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികൾ നിറഞ്ഞ സ്ഥിതിയിൽ അടിയന്തര ചികിത്സാസൗകര്യങ്ങൾ നൽകാനാണ് ടൗൺഹാൾ കെട്ടിടം പ്രാപ്തമാക്കുന്നത്. വൈക്കം നഗരസഭാ പ്രദേശങ്ങളിൽ വ്യാഴാഴ്ച നടന്ന പരിശോധനയിൽ 26 പേർക്ക് പോസിറ്റീവായി. 149 പേരുടെ കോവിഡ് പരിശോധനയിലാണ് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ വ്യാഴാഴ്ച മരിച്ചു.