കോട്ടയം : തിരുവല്ല-നെടുമ്പാശ്ശേരി ഡോ. കെ.ആർ.നാരായണൻ റോഡ് വികസനം അടിയന്തരമായി പരിഗണിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉറപ്പുനൽകിയതായി ഇടതുമുന്നണി നേതാക്കൾ അറിയിച്ചു. കോട്ടയത്ത് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ മന്ത്രിക്ക് ജില്ലാ സെക്രട്ടറി എ.വി.റസൽ, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി തോമസ് ടി.കീപ്പുറം, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം സി.ജെ. ജോസഫ്, പാലാ ഏരിയാ സെക്രട്ടറി പി.എം.ജോസഫ്, അയർക്കുന്നം ഏരിയാ സെക്രട്ടറി പി.എം.ബിനു, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സജേഷ് ശശി തുടങ്ങിയവർ ചേർന്ന് റോഡുവികസനത്തിനായി നിവേദനം നൽകി.

ഗതാഗതക്കുരുക്ക് ഒഴിവാക്കാം

ഗതാഗതക്കുരുക്കിൽ വലയുന്ന എം.സി.റോഡിന്റെ ചങ്ങനാശ്ശേരി-കോട്ടയം-ഏറ്റുമാനൂർ ഭാഗത്തെ തിരക്കൊഴിവാക്കാൻ ഈ റോഡ് വികസനത്തിലൂടെ സാധിക്കും. ശബരിമല സീസണിൽ വടക്കൻ ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്ക് ഈ റോഡിലൂടെ കെ.കെ.റോഡിലേക്ക് നേരേ പ്രവേശിക്കാൻ കഴിയും. കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളുടെ ഹൃദയഭാഗത്തുകൂടി കടന്ന് പോകുന്നു.

കോടി അനുവദിച്ചിരുന്നു

ഈ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് റോഡ് വീതികൂട്ടി വളവുനിവർത്തി നവീകരിക്കുവാൻ മുൻ ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി 25 കോടി രൂപ ബജറ്റിൽ അനുവദിച്ചിരുന്നു. നാളിതുവരെ 2.6 കോടി രൂപ മാത്രമേ കെ.ആർ.നാരായണൻ റോഡിനായി ചെലവഴിച്ചിട്ടുള്ളൂ.

പി.എം.ജോസഫ്,

സി.പി.എം. പാലാ ഏരിയാ സെക്രട്ടറി.

വകമാറ്റി ചെലവഴിച്ചു

കെ.എം.മാണി ബജറ്റിൽ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചു. വീതികൂട്ടലും വളവുനിവർത്തലും നടത്താതെ റോഡ് ടാർചെയ്ത് ബാക്കിതുക വകമാറ്റുകയായിരുന്നു. ഇക്കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

തോമസ് ടി.കീപ്പുറം,

കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി.

കോടിയോളം വേണ്ടിവരും

എം.സി.റോഡിന് സമാന്തരമായി തിരുവല്ല മുതൽ കൂത്താട്ടുകുളം വരെ പൂർണതോതിൽ ഈ ഹൈവേ യാഥാർഥ്യമാക്കാൻ ഏകദേശം 150കോടി രൂപയോളം ചെലവാകുമെന്ന് കരുതുന്നു. ഒന്നാംഘട്ടമായി കിടങ്ങൂർമുതൽ മംഗലത്തുതാഴം (കൂത്താട്ടുകുളം) വരെ വീതികൂട്ടി വളവുകൾ നിവർത്തി റോഡ് വികസനത്തിനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

സജേഷ് ശശി,

ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി.

നെടുമ്പാശ്ശേരി യാത്രികരുടെ ഇഷ്ടമാർഗം

:തിരുവല്ലയിലൂടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുപോകുന്ന യാത്രക്കാർ ഏറെ പ്രയോജനപ്പെടുത്തിയിരുന്ന റോഡാണിത്. പൊട്ടിപ്പൊളിഞ്ഞ് റോഡ് തകർന്നതോടെയാണ് ഇതുവഴിയുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. ദൂരക്കുറവും തിരക്കുകുറവുമാണ് ഈ റോഡിനെ പ്രിയപ്പെട്ടതാക്കുന്നത്.