വെളിയന്നൂർ : നെല്ലിക്കാക്കുന്ന് ഭഗവതിക്ഷേത്രം ഓഫീസിന്റെ വാതിൽ തകർത്ത് മോഷണം. ഭഗവതിയെ ചാർത്തുന്ന മാല, ക്ഷേത്രത്തിൽ വഴിപാടിനായി ഉപയോഗിക്കുന്ന സ്വർണത്താലി, വഴിപാട് പണമായി ലഭിച്ച 35,150 രൂപ എന്നിവ നഷ്ടപ്പെട്ടു. ഓഫീസിനുള്ളിലെ അലമാരയും ഉള്ളിലെ ലോക്കറും തകർത്തായിരുന്നു കവർച്ച.

ബുധനാഴ്ച പുലർച്ചെ ആറോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. ഓഫീസിലെ രേഖകൾ വലിച്ചുവാരിയ നിലയിലാണ്. എങ്ങനെയാണ് താഴ് തകർത്തതെന്നത് വ്യക്തമല്ല. മേൽശാന്തി രാജു കല്ലൂരില്ലം പുലർച്ചെ 4.45-നെത്തി ശ്രീകോവിൽ തുറന്ന് പതിവുപൂജകൾ നടത്തി. അഞ്ചോടെ കഴകം സദാനന്ദനുമെത്തി. ശ്രീകാര്യം ജീവനക്കാരൻ നന്ദകുമാരൻ രാവിലെ ആറിന് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. നന്ദകുമാരൻ പൂട്ടുതുറക്കാൻ ശ്രമിക്കുമ്പോൾ കതക് താനേ തുറന്നു.

കതകിന് അകത്ത് പൂട്ടുവീഴുന്ന ഭാഗം തകർന്നിരുന്നു. അലമാരയുടെ മുകളിലും താഴെയും കമ്പി ഉപയോഗിച്ച് വളച്ചാണ് പൂട്ട് തകർത്തതെന്ന് കരുതുന്നു. അലമാരയ്ക്കുള്ളിലെ ലോക്കറും തകർത്താണ് കവർച്ച. കമ്പിയും ചുറ്റികയും ഉപയോഗിച്ചോ, അല്ലെങ്കിൽ ചവിട്ടിയോ ആവും കതകുകൾ തുറന്നതെന്ന് കരുതുന്നു.

ക്ഷേത്രഭാരവാഹികളുടെ പരാതിയെത്തുടർന്ന് രാമപുരം പോലീസ് അന്വേഷണം തുടങ്ങി. രാമപുരം എസ്.ഐ. പി.എസ്.അരുൺ ആണ് അന്വേഷിക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും, സയന്റിഫിക് വിദഗ്‌ധരും സ്ഥലത്തെത്തി തെളിവ്‌ ശേഖരിച്ചു. ശാസ്ത്രീയമായും മൊഴികൾ രേഖപ്പെടുത്തിയും പ്രാദേശികമായി പഠിച്ചും അന്വേഷണം നടത്തിവരികയാണെന്ന് സി.ഐ. എൻ.എം.ജോയ്‌ മാത്യു പറഞ്ഞു.

മൂന്നര പതിറ്റാണ്ടുമുമ്പ് വിഗ്രഹമടക്കം കവർച്ചചെയ്തിരുന്നു. ഉടഞ്ഞനിലയിൽ സമീപപ്രദേശത്തുനിന്ന് പിന്നീട് വിഗ്രഹം കണ്ടെത്തി. ഇതടക്കം മുമ്പ് രണ്ടുതവണ മോഷണം നടന്നതായി ഭാരവാഹികൾക്ക് ഓർമയുണ്ട്. ഭഗവതിയുടെ മാല, വഴിപാട് താലി, 35,150 രൂപ എന്നിവ നഷ്ടപ്പെട്ടു

ഞെട്ടലുണ്ടാക്കി

രാവിലെ 4.45-നെത്തി ശ്രീകോവിൽ തുറന്ന് പതിവുപൂജകൾ തുടങ്ങി. ആറിന് ശ്രീകാര്യം ജീവനക്കാരൻ നന്ദനൻ എത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. ഞെട്ടലോടെയാണ് വാർത്ത കേട്ടത്. നാടിന് ഏറെ ദുഃഖമുണ്ടാക്കുന്നതാണ് മോഷണ വിവരം.