അമ്പലപ്പുഴ : വാടകയ്ക്കെടുക്കുന്ന വാഹനം ഉടമസ്ഥരറിയാതെ മറ്റുസംസ്ഥാനങ്ങളിൽ കൊണ്ടുപോയി പണയപ്പെടുത്തി തട്ടിപ്പുനടത്തുന്ന സംഘത്തെ അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ നീർക്കുന്നം പുതുവൽ വീട്ടിൽ ജയകൃഷ്ണൻ (24), തൃശ്ശൂർ കുന്നംകുളം നഗരസഭ പതിനേഴാം വാർഡ്‌ ഇലവന്തറ വീട്ടിൽ ശ്രീരഞ്ജിത്ത് (40), കോട്ടയം വാഴപ്പള്ളി പഞ്ചായത്ത് എട്ടാംവാർഡ്‌ പുതുപ്പറമ്പ് വീട്ടിൽ സന്ദീപ്(30), തൃശ്ശൂർ ചേലക്കര സ്വദേശി സജീഷ്, തെക്കുംകര സ്വദേശി സജീഷ് എന്നിവരാണ് അറസ്റ്റിലായത്.

ചങ്ങനാശ്ശേരി സ്വദേശിയായ രതീഷിന്റെ ഉടമസ്ഥതയിലുള്ള മാരുതി എർട്ടിഗ കാർ ഒന്നാംപ്രതിയായ ജയകൃഷ്ണൻ വാടകയ്ക്കെടുത്തശേഷം തമിഴ്‌നാട്ടിലേക്കു കടത്തുകയും ജി.പി.എസ്. ട്രാക്കർ വിച്ഛേദിക്കുകയും ചെയ്തു. പറഞ്ഞസമയത്ത് വാഹനം തിരികെ നൽകാതിരുന്നപ്പോൾ രതീഷ് അമ്പലപ്പുഴ പോലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

കേരളത്തിലും തമിഴ്‌നാട്ടിലും നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിലെ ഉക്കടത്തുനിന്ന് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഏതാനുംദിവസത്തെ ഉപയോഗത്തിനെന്നു ധരിപ്പിച്ച് ഉടമസ്ഥരുടെ കൈയിൽനിന്ന് പരിചയത്തിന്റെയും മറ്റും പേരിൽ വാഹനങ്ങൾ വാങ്ങിക്കൊണ്ടുപോയി പല തുകകൾക്ക് മറിച്ചുകൊടുക്കുകയാണു പ്രതികളുടെ രീതി. തുടർന്ന് സ്ഥലത്തുനിന്ന് മുങ്ങിനടക്കും.

പല വാഹനങ്ങൾ ഇങ്ങനെ കൈമറിച്ച് ഇവർ വൻതുകകൾ കൈപ്പറ്റിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കാണാതായ എർട്ടിഗ കാർ, കൊട്ടാരക്കര സ്വദേശിയുടെ ഉടമസ്ഥതയിലുളള ഐ ട്വന്റി കാർ, ഉടമയെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഹുണ്ടായി ഇയോൺ കാർ എന്നിവ കണ്ടെത്തിയിട്ടുണ്ട്. മൂന്നു കാറുകളുടെയും നമ്പർ പ്ലേറ്റ് ഊരിമാറ്റിയ നിലയിലായിരുന്നു. കൂടുതൽ പ്രതികളെ മറ്റുജില്ലകളിൽനിന്ന് അറസ്റ്റുചെയ്ത് കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കാനുണ്ടെന്നു പോലീസ് പറഞ്ഞു.