ചങ്ങനാശ്ശേരി: നാടും നഗരവും രാമമന്ത്രമുഖരിതമാകുന്ന രാമായണമാസക്കാലത്ത് ഒരു ശിവക്ഷേത്രവും ശ്രീകോവിൽ ചുമരിലെ ശ്രീരാമാവതാരശില്പവും ശ്രദ്ധനേടുന്നു. ശൈവ-വൈഷ്ണവ സാംസ്കാരികസമന്വയത്തിന് വേദിയായ വാഴപ്പള്ളി ശ്രീമഹാദേവക്ഷേത്ര ശ്രീകോവിൽച്ചുമരിലെ ദാരുശില്പങ്ങളിലൊന്നാണിത്. കൗസല്യ ശ്രീരാമന് ജന്മംകൊടുക്കുന്ന രംഗമാണ് കൊത്തിയിട്ടുള്ളത്. ചോരക്കുഞ്ഞിനെ കൗസല്യയുടെ സഹായികൾ പരിചരിക്കുന്നത്, കുഞ്ഞിനെ അച്ഛനെ ഏല്പിക്കുന്നത് എന്നിവ തുടർച്ചയായുണ്ട്. പാർവതീനടയുടെ വടക്കേച്ചുമരിലാണിത്. നരസിംഹാവതാരം, പൂതനാമോക്ഷം, ഗോപസ്ത്രീ വസ്ത്രാപഹരണം, ഹനുമദ്‌ രാമസംവാദം എന്നിങ്ങനെ നീളുന്നു ദാരുശില്പങ്ങൾ.