കൃഷികൾ നശിപ്പിച്ചു

എരുമേലി : വനാതിർത്തിയിൽ മാത്രമല്ല, ജനവാസപ്രദേശങ്ങളിലും കാട്ടുപന്നികൾ കണ്ണീരിലാഴ്ത്തുകയാണ് കർഷകരെ. മുതൽമുടക്കി കർഷകർ കൃഷിയിറക്കുമ്പോൾ വിളകൊയ്യാൻ മാർഗമില്ലാത്ത സ്ഥിതി. എരുമേലി മുക്കൂട്ടുതറ പാതയിൽ മണിപ്പുഴയ്ക്ക് സമീപം പുളിക്കൽ പ്രകാശിന്റെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിക്കൂട്ടം വിളവെത്തിയ മുപ്പതോളം കപ്പയും ചേന, ചേമ്പ്, ബഡ്ഡ് ജാതി തൈകളും നശിപ്പിച്ചു. സമീപപറമ്പുകളിലും കൃഷിനാശം ഉണ്ട്. വനമേഖലയുമായി ബന്ധമില്ലാത്ത മുക്കൂട്ടുതറ, തലയണിയണത്തടം, എരുമേലി ടൗൺ പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. ഇതിലുമേറെയാണ് പമ്പാവാലിയുടെ വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന പ്രതിസന്ധി. വിലയിടിവിൽ കർഷകർ പ്രതിസന്ധി നേരിടുന്നതിനിടെയാണ് മൃഗശല്യം കർഷകരെ വലയ്ക്കുന്നത്.