കോട്ടയം : എവിടെ പാർക്കുചെയ്യും. ഇത്തിരിപ്പോന്ന തിരുനക്കര മൈതാനം നിറഞ്ഞുകഴിഞ്ഞാൽ നഗരത്തിലെത്തുന്ന വാഹനഉടമകൾ ഇത്തിരിയിടംനോക്കി നെട്ടോട്ടത്തിലാണ്. വണ്ടി എവിടെയെങ്കിലും ഇട്ടിട്ട് വേണം ആവശ്യങ്ങൾക്കുപോകാൻ. മുമ്പ് തിരുനക്കര അമ്പലത്തിന്റെ മൈതാനത്ത് വണ്ടിനിർത്തിയിട്ടുപോകുന്ന പതിവുണ്ടായിരുന്നെങ്കിലും ദേവസ്വം ബോർഡ് അതിന് അനുമതി നൽകുന്നില്ല. പലരും ഇത് ദുരുപയോഗം ചെയ്യാൻ തുടങ്ങിയതോടെയാണ് വിലക്കുവന്നത്.

ഇടം നഷ്ടപ്പെട്ടതോടെ വാഹനങ്ങൾ കൂട്ടമായി നഗരത്തിന്റെ ഉൾവഴികളിലേക്കാണ് പോകുന്നത്. തിരുനക്കരയിൽ തെക്കുംഗോപുരം റോഡ്, തിരുനക്കര-മിനിസിവിൽ സ്റ്റേഷൻ റോഡ്, തിരുനക്കര-വയസ്കര റോഡ് എന്നിവയെല്ലാം പത്ത് മണിയോടെ ഇരുവശവും വണ്ടികളാകും. കഞ്ഞിക്കുഴിയിലാണെങ്കിൽ ദേവലോകം റോഡ്, ഇറഞ്ഞാൽ റോഡ് എന്നിവിടങ്ങളിലേക്ക് വണ്ടികളുടെ നിരയെത്തും.

രാവിലെയും വൈകുന്നേരവും കെ.കെ.റോഡിൽ കഞ്ഞിക്കുഴി മുതൽ ടൗൺവരെയുള്ള വലിയ തിരക്ക് ഒഴിവാക്കാൻ റോഡിന് ഇരുവശവും പാർക്കിങ് പോലീസ് കർശനമായി വിലക്കുന്നുണ്ട്. പക്ഷേ, ഇതിനിടെയിലുള്ള നിരവധി ബാങ്കുകൾ, എൻ.സി.സി. ആസ്ഥാനം, നഗരസഭാ മേഖലാ ഒാഫീസ്, പ്ലാന്റേഷൻ കോർപ്പറേഷൻ തുടങ്ങിയ ഇടങ്ങളിലേക്ക് വരുന്നവർ കുടുങ്ങിപ്പോകും. ഇൗ സ്ഥാപനങ്ങളുടെ വളപ്പിൽ ഇടം കിട്ടിയില്ലങ്കിൽ കഞ്ഞിക്കുഴി പഴയ മേൽപ്പാലത്തിന്റെ അനുബന്ധറോഡിന്റെ ഇടത്തേക്ക് കയറ്റിയിടും. പക്ഷേ, ഇവിടെയും ഇപ്പോൾ പാർക്കിങ് അനുവദനീയമല്ല.

നാഗമ്പടത്ത് കുര്യൻഉതുപ്പ് റോഡാണ് ആശ്രയം. ഇവിടെ വീതി കൂടുതലുള്ളതുകൊണ്ട് വണ്ടി പാതയോരത്ത് ഇട്ടുപോകുന്നുണ്ട്. നാഗമ്പടം പള്ളിയിൽ തിരക്കുള്ള സമയമെങ്കിൽ ഇതുംപോരാതെ വരും. നാഗമ്പടം പാലംകടന്നുവന്നാൽ പിന്നെ പാർക്കിങ്ങിന് എവിടെയും ഇടമില്ല. വട്ടമൂട് പാലം കടന്ന് അക്കരഭാഗത്ത് വാഹനം ഇടുന്ന പതിവുണ്ടായെങ്കിലും ഇപ്പോഴതിന് പോലീസ് സമ്മതിക്കുന്നില്ല. കെ.എസ്.ആർ.ടി.സി.ക്ക് സമീപംവരുന്ന പലരും വണ്ടി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിന് മുൻവശത്തുള്ള റോഡിലേക്കാണെത്തുക. ഇവിടെ കെ.എസ്.ആർ.ടി.സി.യുടെയും പാർക്കിങ് ഇടമാണ്.