പാലാ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുവാൻ കാരുണ്യ ലോട്ടറി എടുത്തുതുടങ്ങിയ അന്നമ്മയ്ക്ക് ഭാഗ്യമിത്രയിൽ ഭാഗ്യം കടാക്ഷിച്ചു. പാലാ കുരിശുപള്ളിക്കവലയിലെ മെഡിക്കൽ ഷോപ്പിൽ ജീവനക്കാരിയായ അന്നമ്മയ്ക്കാണ് ഇത്തവണത്തെ ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്.

പന്ത്രണ്ടാംമൈൽ മഠത്തിപ്പറമ്പിൽ ഷൈജുവിന്റെ ഭാര്യയായ അന്നമ്മ 2004 മുതൽ പാലായിലെ വിവിധ മെഡിക്കൽ ഷോപ്പുകളിൽ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക്‌ പോകുമ്പോൾ മുരിക്കുംപുഴയിൽനിന്നാണ് ലോട്ടറി വാങ്ങിയത്.

കാരുണ്യ ചികിത്സാപദ്ധതിക്കായി തുടങ്ങിയ കാരുണ്യ ലോട്ടറി അന്നമ്മ സ്ഥിരമായി എടുത്തിരുന്നു. ഭാഗ്യം പരീക്ഷിക്കുന്നതിനൊപ്പം ജീവകാരുണ്യത്തിന് ചെറിയ കൈത്താങ്ങും നൽകാമെന്ന ഉദ്ദേശത്തോടെയാണ് അന്ന് ലോട്ടറി എടുത്തത്. പിന്നീട് ഭാഗ്യമിത്ര ആരംഭിച്ചപ്പോൾ അത് എടുത്തുതുടങ്ങി. ഭർത്താവ് ഷൈജു ഹോട്ടൽ മേഖലയിലാണ് ജോലിചെയ്തിരുന്നത്. കോവിഡ് വ്യാപിച്ചതോടെ തൊഴിൽ മുടങ്ങിയിരിക്കുകയാണ്. വീട്ടിലെ കടബാധ്യതകൾ ഒഴിവാക്കുന്നതിനായി പണം വിനിയോഗിക്കുമെന്ന് അന്നമ്മ പറയുന്നു. സമ്മാനാർഹമായ ടിക്കറ് എസ്.ബി.ഐ. പാലാ ടൗൺ ശാഖയിൽ ഏൽപിച്ചു. തിരുവോണം ലക്കി സെന്ററാണ് സമ്മാനാർഹമായ ലോട്ടറി വിറ്റത്.