വൈക്കം : സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശായികിടക്കുന്ന സ്ഥലങ്ങൾ യോഗ്യമാക്കി ജൈവ പച്ചക്കറികൃഷി നടത്താൻ വൈക്കം നഗരസഭയിൽ തുടക്കം. വൈക്കം നഗരസഭ, കൃഷിഭവൻ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ചെറുതും വലുതുമായ പുരയിടങ്ങൾ കണ്ടെത്തി ജൈവ പച്ചക്കറികൃഷി നടപ്പാക്കുന്നത്.
പരമാവധി സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. ബോധവത്കരണവും പരിശീലനവും നൽകി പുരയിട ഉടമകളെ പ്രാപ്തരാക്കും. വൈക്കം നഗരസഭ ഒന്നാം വാർഡിൽ ഉദയനാപുരം ശ്രീകൃഷ്ണപുരം വാരിയത്ത് ആർ.ശ്രീകുമാറിന്റെ രണ്ട് ഏക്കർ സ്ഥലത്താണ് കൃഷിയുടെ തുടക്കം. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പുരയിടത്തിലെ പച്ചക്കാടുകൾ വെട്ടിനീക്കി സ്ഥലം കൃഷിക്ക് യോഗ്യമാക്കി. ജൈവ കീടനാശിനിയും വളങ്ങളും ഉപയോഗിച്ച് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കും.
പച്ചമുളക്, പയർ, വെണ്ട, പടവലം, ചീര, തക്കാളി, വഴുതന, പാവക്ക, കുമ്പളം, കുക്കുമ്പർ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. വിദേശരാജ്യങ്ങളിലെ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ സംഘടിപ്പിച്ച് കൂടുതൽ മേഖലകളിൽ കൃഷി നടത്താനും പദ്ധതിയുണ്ട്.
പച്ചക്കറിതൈകൾ നട്ട് നഗരസഭാ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എൻ.അയ്യപ്പൻ, കെ.പി.സതീശൻ, രാജശ്രീ വേണുഗോപാൽ, സിന്ദു സജീവൻ, പി.എസ്.രാഹുൽ, പ്രീതാ രാജേഷ്, ബിന്ദു ഷാജി, രാധിക എസ്.ശ്യാം തുടങ്ങിയവർ പങ്കെടുത്തു.കൈത്താങ്ങായി തൊഴിലുറപ്പ് തൊഴിലാളികൾ