അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വ്യാഴാഴ്ച കൊടിയേറും. വൈകീട്ട് നാലിന് കുർബാന. തുടർന്ന് കൊടിയേറ്റ്, ആറിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ പുറത്തുനമസ്‌കാരം, ജപമാല പ്രദക്ഷിണം. വെള്ളിയാഴ്ച 9.30-ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിക്കും. 4.30-ന് കുർബാന, തുടർന്ന് തിരുനാൾ പ്രദക്ഷിണം. ശനിയാഴ്ച 10.30-ന് തിരുനാൾ കുർബാന, 12-ന് പകൽ പ്രദക്ഷിണം. ഞായറാഴ്ച ഇടവകക്കാരുടെ തിരുനാൾ, വൈകീട്ട് ഏഴിന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ.

ശനിയാഴ്ച വൈകീട്ട് 5.15-ന് കോട്ടയം രൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമും ഞായറാഴ്ച വൈകീട്ട് 5.30-ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും മേയ് ഒന്നിന് രാവിലെ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനും കുർബാന അർപ്പിക്കും. പള്ളിക്കകത്ത് 75 പേർക്കും പള്ളിയങ്കണത്തിൽ നൂറ്റമ്പത് പേർക്കും മാത്രമേ പ്രവേശനമുള്ളൂ. തിരുനാൾ പ്രദക്ഷിണത്തിന് മുത്തുക്കുടകൾ എടുക്കുന്നതിന് നിയന്ത്രണമുണ്ട്‌. കുടനേർച്ച നടത്തേണ്ടവർ മറ്റ് ദിവസങ്ങളിൽ പ്രദക്ഷിണം നടത്താം. ഭക്ഷണപദാർഥങ്ങൾ നേർച്ച കാഴ്ചകളായി സ്വീകരിക്കുന്നതല്ല. തിരി, എണ്ണ, നേർച്ച രൂപങ്ങൾ തുടങ്ങിയവയൊന്നും നേർച്ചയായി സ്വീകരിക്കില്ല.

വല്ല്യച്ചനെ വണങ്ങാനും നേർച്ച കാഴ്ചകൾ സമർപ്പിക്കാനും പ്രത്യേക വരി ഏർപ്പെടുത്തും. വിശ്വാസികൾ തിരുക്കർമങ്ങളിലും മറ്റും പങ്കെടുത്ത്‌ കൂട്ടമായി നിൽക്കാതെ മടങ്ങണമെന്ന് വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, സഹവികാരിമാരായ ഫാ. സ്‌കറിയ മേനാംപറമ്പിൽ, ഫാ. പ്രിൻസ് വള്ളാംപുരയിടത്തിൽ, ഫാ. മാത്യു മുതുപ്ലാക്കൽ, ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ അറിയിച്ചു