എരുമേലി : നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി തടസ്സങ്ങൾനീക്കി യാഥാർഥ്യമാക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ തടസ്സവാദങ്ങൾ മറികടക്കുന്നതിനുള്ള മാർഗങ്ങൾ അടിയന്തരമായി ആരായണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുമെന്നും ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിമാനത്താവളം യാഥാർഥ്യമാക്കേണ്ടതിന്റെ ആവശ്യമുന്നയിച്ച് കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും എം.എൽ.എ. അറിയിച്ചു. സമഗ്രപഠനം നടത്തി വിമാനത്താവള നിർമാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടും കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ വിരുദ്ധ നിലപാട് സ്വീകരിച്ചത് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്ന അജൻഡയുടെ ഭാഗമായി ആരെയോ സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.