കുറിച്ചി : രക്താർബുദരോഗബാധയെത്തുടർന്ന് മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനായ ദേവനന്ദൻ (ഒൻപത്) ചികിത്സയിൽ തുടരവെ മരിച്ചു. എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുറിച്ചി കുമരംകുളം അനീഷ്-രമ്യ ദമ്പതിമാരുടെ മകനായ ദേവനന്ദന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം തടസ്സമായതിനെ തുടർന്ന് പഞ്ചായത്തിൽ അറിയിച്ചു. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ഇടപെടലിലൂടെ 40 ലക്ഷം രൂപ സമാഹരിച്ച് കുട്ടിയുടെ രക്ഷിതാക്കൾക്ക് കൈമാറിയിരുന്നു.

ഒരു നാടുമുഴുവൻ ദേവനന്ദന്റെ തിരിച്ചുവരവിനായി പ്രാർഥനയിലായിരുന്നു. അതിനിടെയാണ് ഗ്രാമത്തിന് മുഴുവൻ ദുഃഖവുമായി ദേവനന്ദന്റെ മരണവാർത്തയെത്തിയത്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. തിങ്കളാഴ്ച വൈകീട്ട് കുറിച്ചി ഗ്രാമപ്പഞ്ചായത്തിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.