ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മലയോര പഞ്ചായത്തുകളിൽ പ്രളയം വരുത്തിവച്ചത് കോടികളുടെ നഷ്ടം. ഗ്രാമീണറോഡുകൾ ഭൂരിഭാഗവും മഴവെള്ളപ്പാച്ചിലിൽ ഗതാഗതയോഗ്യമല്ലാതായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലാണ് ഏറ്റവും അധികം മഴക്കെടുതിയുള്ളത്. പഞ്ചായത്തിൽ 14 പാലങ്ങളും 24 പഞ്ചായത്ത് റോഡുകളും രണ്ട് പൊതുമരാമത്തു വകുപ്പ് റോഡുകളും ആറ് കലുങ്കുകളും ഉപയോഗശൂന്യമായി. കുഴുമ്പള്ളി ഭാഗത്ത് ഉരുൾപൊട്ടിയ ഭാഗത്തെ റോഡുകൾ പൂർണമായി ഒലിച്ചുപോയി. ഇവിടെ പുതിയ റോഡുകൾ നിർമിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന റോഡ് പൂർണമായി ഇല്ലാതായതോടെ പുതിയ റോഡുകളാണു നിർമിക്കുന്നത്. പ്രദേശം ഒറ്റപ്പെട്ടതോടെ ഇവിടത്തെ 20 കുടുംബം ഒറ്റപ്പെട്ടനിലയിലാണ്.

അടിയന്തര നിർമാണ പ്രവർത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നത്. തിടനാട് പഞ്ചായത്തിൽ 26 റോഡുകളും തലപ്പലം പഞ്ചായത്തിൽ 13 റോഡുകളും തകർന്നു. മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം ഗതാഗതയോഗ്യമല്ലാതായതിനൊപ്പം 15 റോഡുകളും തകർന്നു. തീക്കോയി പഞ്ചായത്തിലെ മക്കൊള്ളി ഇളപ്പുങ്കൽ നടപ്പാലം, ഇല്ലിക്കുന്ന് തൂക്കുപാലം എന്നിവയും 23 റോഡുകളും ഗയാഗതയോഗ്യമല്ലാതായി.