വൈക്കം : പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിക്കുന്ന കർഷകരെ സഹായിക്കാൻ ആവിഷ്‌കരിച്ച പ്രധാനമന്ത്രിയുടെ വിള ഇൻഷുറൻസ് പദ്ധതിയിൽചേർന്ന തലയാഴം പഞ്ചായത്തിലെ കർഷകർക്ക് ഇതുവരെ ആനൂകൂല്യങ്ങൾ ലഭിച്ചില്ല. തലയാഴം പഞ്ചായത്തിലെ വനം സൗത്ത് പാടശേഖരം സമിതി പരാതി നൽകുകുയം ചെയ്തു.
ഉയർന്ന പ്രീമിയം അടച്ച് സഹായത്തിനായി കാത്തിരുന്ന കർഷകരെ നിരാശപ്പെടുത്തുന്ന നടപടികളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്് ഉണ്ടായതെന്ന് പാടശേഖരസമിതി ആരോപിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് തിരുവനന്തപുരം അഗ്രികൾച്ചറൽ ഇൻഷുറൻസ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ തങ്ങളുടെ പഞ്ചായത്തിലെ കൃഷിനാശം സംബന്ധിച്ച് ഉത്തരവ് ഇതുവരെയും ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് കിട്ടിയതെന്ന് സമിതി ചൂണ്ടിക്കാട്ടി.
പദ്ധതിയെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും കർഷകർക്ക് നൽകുന്നില്ലെന്നുള്ള പരാതിയും കർഷകർ ഉന്നയിക്കുന്നു. ഏക്കറിന് 640 പ്രീമിയം അടച്ചാണ് കർഷകർ പദ്ധതിയിൽ അംഗങ്ങളായത്. കൃഷിഭവനുമുൻപിൽ കുത്തിയിരിപ്പുസമരവും പ്രധാന മന്ത്രിക്ക് കൂട്ട ഇ-മെയിലുകളും അയയ്‌ക്കാനാണ് കർഷകരുടെ തീരുമാനമെന്ന് തലയാഴം വനം സൗത്ത് പാടശേഖരം പ്രസിഡന്റ് സിബിച്ചൻ ഇടത്തിൽ പറഞ്ഞു.
കൃഷിനാശം സംഭവിച്ച മേഖലകൾ സി.കെ. ആശ എം.എൽ.എ.യും കൃഷിഭവൻ ഉദ്യോഗസ്ഥരും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. പ്രസിഡന്റ് സിബിച്ചൻ ഇടത്തിൽ, സെക്രട്ടറി പ്രകാശൻ ചതുരത്തറ, വൈസ് പ്രസിഡന്റ് കിരൺ കാട്ടുശ്ശേരി എന്നിവർ പങ്കെടുത്തു.