പാലാ : ബജറ്റിലൂടെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ധനമന്ത്രി കബളിപ്പിച്ചെന്ന് എൻ.ജി.ഒ.സംഘ് ജില്ലാ സെക്രട്ടറി എം.എസ്.ഹരികുമാർ പറഞ്ഞു. എൻ.ജി.ഒ. സംഘ് പൂഞ്ഞാർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019മുതൽ ലഭിക്കേണ്ട നാല് ഗഡു ക്ഷാമബത്ത കുടിശ്ശികയുള്ളപ്പോൾ രണ്ട് ഗഡുമാത്രം അനുവദിക്കുകയായിരുന്നു. ക്ഷാമബത്തയിനത്തിൽ ഒരുരൂപപോലും ജീവനക്കാർക്ക് ലഭിക്കുകയില്ലെന്നതാണ് യാഥാർഥ്യം. ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണമെന്ന പത്താം ശമ്പളക്കമ്മീഷൻ ശുപാർശയും ഇതുവരെയും നടപ്പായിട്ടില്ല. ബ്രാഞ്ച് പ്രസിഡന്റ് ടോം ആന്റോ അധ്യക്ഷത വഹിച്ചു. ഫെറ്റോ ജില്ലാ സെക്രട്ടറി കെ.സി.ജയപ്രകാശ്, പി.ജി.രഞ്ജിത്ത്, ആർ.സുനിൽകുമാർ, വി.പി.രഘുകുമാർ, ജി.കിഷോർ കാന്ത്, ദീപക്. എം.വർമ തുടങ്ങിയവർ പ്രസംഗിച്ചു.