കടുത്തുരുത്തി: വിധിയെഴുത്തിനായി വോട്ടർമാർ ചൊവ്വാഴ്ച പോളിങ്‌ ബൂത്തിലേക്ക്. നിശബ്ദപ്രചാരണത്തിന്റെ അവസാനദിനമായ തിങ്കളാഴ്ച വിജയമുറപ്പിക്കാനുള്ള അവസാന പാച്ചിലിലായിരുന്നു മുന്നണികളും സ്ഥാനാർഥികളും. പോരായ്മകൾ നികത്തി, അവസാനനിമിഷവും ജയമുറപ്പിക്കാൻ നേതാക്കളും രംഗത്തുണ്ടായിരുന്നു.

രാവിലെ മുതൽ മത്സരമേഖലയിലെ പ്രധാനകേന്ദ്രങ്ങളിൽ സ്ഥാനാർഥികളുടെ നേതൃത്വത്തിൽ അവസാനവട്ട സന്ദർശനം നടത്തി. ചായാവുന്ന വോട്ടർമാരെ അവസാന മണിക്കൂറുകളിൽ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പരിചയക്കാരും ബന്ധുക്കാരും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള പാർട്ടി അനുഭാവികളെക്കൂടി രംഗത്തിറക്കിയാണ് പലരും പ്രചാരണം കൊഴുപ്പിച്ചത്.

സ്ഥാനാർഥികളുടെ അഭ്യർഥനപ്രകാരം യു.ഡി.എഫിന്റെയും എൽ.ഡി.എഫി.ന്റെയും ബി.ജെ.പി.യുടെയും നേതാക്കൾ പ്രചാരണരംഗത്തിറങ്ങിയിരുന്നു. നേരിട്ടെത്താൻ കഴിയാത്തയിടങ്ങളിൽ പ്രമുഖവ്യക്തികളോട്‌ മൊബൈൽ ഫോണിലൂടെ വോട്ടുറപ്പിക്കാനും സ്ഥാനാർഥികൾ സമയം കണ്ടെത്തി. മൊബൈൽ ഫോൺ കോളുകളിലൂടെ വോട്ടർമാരുടെ ഫോണിലേക്ക് െറക്കോഡ് ചെയ്ത കോളുകൾ എത്തിച്ചും വോട്ട് അഭ്യർഥന നടന്നു.

Content Highlights: 2019 Loksabha Elections Kerala Polling