കോട്ടയം: പൊള്ളുന്ന ചൂട് പോലും അവഗണിച്ചാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സാമഗ്രികൾ ഏറ്റുവാങ്ങാെനത്തിയത്. കോട്ടയം എം.ഡി. സെമിനാരി സ്കൂളിലെത്തിയ ഉദ്യോഗസ്ഥർ ഈ ചൂടിൽ വലഞ്ഞുപോയി. പ്രധാന റോഡിൽനിന്ന് അകത്തോട്ടുള്ള സ്കൂളിൽനിന്ന് സാമഗ്രികൾ ഏറ്റുവാങ്ങിയശേഷം ബസേലിയസ് കോളേജ് മൈതാനത്ത് പാർക്ക് ചെയ്ത വാഹനത്തിലാണ് ഇവർക്ക് ബൂത്തുകളിലേക്ക് പോകേണ്ടിയിരുന്നത്. വോട്ടിങ് യന്ത്രവും വി.വി.പാറ്റ് യന്ത്രവും അടക്കമുള്ള സാധനങ്ങൾ തൂക്കിയെടുത്ത് കൊണ്ടാണ് അവർ വാഹനത്തിൽ കയറാനായി നടന്നത്. പൊള്ളുന്ന ചൂടിൽസാധനവും തൂക്കിയുള്ള നടപ്പ് സ്ത്രീകൾ അടക്കമുള്ള ഉദ്യോഗസ്ഥരെ ശരിക്കും ബുദ്ധിമുട്ടിലാക്കി.‘ഇത് ഞങ്ങളെ ശരിക്കും ചുമട് താങ്ങികളാക്കി’ ഉദ്യോഗസ്ഥർ പരാതിപ്പെട്ടു.

ഉദ്യോഗസ്ഥർക്ക് ആശ്വാസമായി കുടുംബശ്രീ കഫേ

കോട്ടയം: തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും, ബൂത്തുകളിലും കുടുംബശ്രീ കഫേകളിലൂടെ വിഭവങ്ങൾ വിളന്പിയത് ഉദ്യോഗസ്ഥർക്ക് ശരിക്കും അനുഗ്രഹമായി. സാമഗ്രികൾ ഏറ്റുവാങ്ങിയശേഷം പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിന് പകരം അതാത് കേന്ദ്രങ്ങളിലൊരുക്കിയ കഫേകളെ ആശ്രയിക്കാനാണ് ഉദ്യോഗസ്ഥർ താത്‌പര്യപ്പെട്ടത്.

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കഫേ കുടുംബശ്രീ യൂണിറ്റുകളാണ് ഉദ്യോഗസ്ഥർക്ക് ചായ, പലഹാരം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ ന്യായവിലയിൽ നൽകിയത്. ജില്ലയിലെ സാമഗ്രി വിതരണ കേന്ദ്രങ്ങളിൽ കഫേകൾ തുറന്നിരുന്നു. ജില്ലയിലെ 1564 പോളിങ് ബൂത്തുകളിൽ കുടുംബശ്രീ പ്രവർത്തകരിലൂടെ ഭക്ഷണം ലഭ്യമാക്കാനും ശ്രമിക്കും. തിങ്കളാഴ്ച വിതരണകേന്ദ്രങ്ങളിലൂടെ അഞ്ചുലക്ഷം രൂപയുടെ വിറ്റുവരവാണ് കഫേ യൂണിറ്റുകൾക്ക് ലഭിച്ചത്. പൂർണമായും ഹരിത ചട്ടം പാലിച്ചാണ് ഭക്ഷണം നൽകുന്നത്.

Content Highlights: 2019 Loksabha Elections kerala