ചങ്ങനാശ്ശേരി : എ.സി.റോഡ് പുത്തനാറ്റിൽ വെള്ളമുയർന്നതോടെ എ.സി.റോഡ് കോളനിയിലുള്ളവരെ ദുരിതാശ്വാസക്യാമ്പുകളിലേയ്ക്ക് മാറ്റി. 60 പേരെയാണ് പെരുന്ന വെസ്റ്റ് യു.പി.സ്‌കൂളിലെ ക്യാമ്പിലേയ്ക്ക് മാറ്റിയത്.

തിങ്കളാഴ്ച രാവിലെ കിടപ്പുരോഗിയായ ഒരു ഗൃഹനാഥനെ നഗരസഭാംഗം ശ്യാംശാംസൺ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥിനത്തേയ്ക്ക് മാറ്റി. വീടുകളിൽ വെള്ളം കയറിയിട്ടും ക്യാമ്പുകളിലേയ്ക്ക് പോകാൻ തയ്യാറാകാതെ വീടുകളിൽ കഴിയുന്നവരും ഉണ്ട്. കഴിഞ്ഞ പ്രളയത്തിന്റെ തീവ്രതയില്ലെന്നാണ് ഇവർ പറയുന്നത്.

വീടുപേക്ഷിച്ച് ക്യാമ്പിൽ പോകാൻ മടിക്കുന്നവരും ഉണ്ട്. കക്കിഡാം തുറന്നതോടെ വീണ്ടും വെള്ളം ഉയരുമെന്ന ഭീതിയിലാണ് പടിഞ്ഞാറൻ നിവാസികൾ.

കെ.എസ്.ആർ.ടി.സി. സർവീസ് നിർത്തിവെച്ചു

ചങ്ങനാശ്ശേരിയിൽനിന്നും എ.സി.റോഡ് വഴി പൊങ്ങ വരെയുള്ളതും, തിരുവല്ല-എടത്വ-വഴി ആലപ്പുഴ വരെയുള്ളതുമായ എല്ലാ സർവീസുകളും കെ.എസ്.ആർ.ടി. തിങ്കളാഴ്ച രാവിലെ നിർത്തി. റോഡിൽ വെള്ളമുയരുന്നതിനെ തുടർന്നാണ് ഇത്.