വൈക്കം : തണ്ണീർമുക്കം ബണ്ടിന്റെ മൺചിറയിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെ വലകൾ തീയിട്ട് നശിപ്പിച്ച ഫിഷറീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. വെച്ചൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 20 എം.എം. കണ്ണി വലുപ്പത്തേക്കാൾ കുറവുള്ള വലകൾ നിരോധിച്ചിട്ടുള്ളതാണെന്ന ന്യായം നിരത്തിയാണ് ഈ നീചമായ നടപടി.
എന്നാൽ, 20 എം.എം. കണ്ണിവലുപ്പത്തേക്കാൾ വലിയ കണ്ണിവലകളാണ് കൂടുതലും കത്തിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ട ഫിഷറീസ് വകുപ്പും ഉദ്യോഗസ്ഥരും നടത്തിയ മനുഷത്വമില്ലാത്ത പ്രവർത്തിയെ യോഗം ശക്തമായി അപലപിച്ചു. എത്രയും വേഗം അർഹമായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ മേൽ അടിക്കടിയായി നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ താലൂക്ക്, ജില്ലാ ഫിഷറീസ് ഓഫീസ് ഉപരോധം അടക്കം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വെച്ചൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ബിനൂപ് വിശ്വം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.പി.തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വെച്ചൂർ പഞ്ചായത്ത് സെക്രട്ടറി വി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.