കടുത്തുരുത്തി : കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. വാലാച്ചിറ ചാക്കരിമുക്ക് എണ്ണയ്ക്കാപ്പള്ളി മാത്യു ജോസഫിന്റെ എട്ടുമാസം പ്രായമുള്ള ആട്ടിൻകുട്ടിയാണ് സമീപത്തെ മുപ്പതടി താഴ്ചയും ആറടി വ്യാസവുമുള്ള വെള്ളം നിറഞ്ഞ കിണറ്റിൽ അകപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുട്ടുചിറയിൽനിന്ന്‌ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി. കടുത്തുരുത്തി അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അമർജിത്ത് പ്രത്യേകം തയ്യാറാക്കിയ നെറ്റിൽ കിണറ്റിലിറങ്ങി ആടിനെ രക്ഷിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ശ്രീനാഥ്, മണികണ്ഠൻ, നന്ദു, രാധാകൃഷ്ണൻ, റോയ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.