കോട്ടയം : കുമരകം റോഡിൽ ചാലുകുന്ന് ഭാഗത്ത് നിയന്ത്രണംവിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രക്കാരായ യുവാക്കൾക്കാണ് പരിക്കേറ്റത്. കിളിരൂർ നോർത്ത് കൊച്ചുപറമ്പിൽ ഷംനാദ് (19) താഴത്തങ്ങാടി മാരാംമുപ്പതിൽ എബിൻ ബാബു (19) എന്നിവർക്കാണ് പരിക്കേറ്റത്.

എബിൻ ബാബുവിനെ മെഡിക്കൽ കോളേജിലും ഷംനാദിനെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായാറാഴ്ച വൈകീട്ട് 7.45-ഓടെ ചാലുകുന്ന് ജങ്‌ഷന് സമീപത്തെ വളവിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന്‌ കുമരകത്തേക്ക് പോവുകയായിരുന്ന കാർ എതിർ ദിശയിലെത്തിയ ബൈക്കിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും റോഡിൽ തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടർന്ന് ബൈക്ക് റോഡിൽ വീണുകിടന്നത് ഗതാഗതക്കുരുക്കിനിടയാക്കി. കൺട്രോൾ റൂം പോലീസെത്തിയാണ് വാഹനങ്ങൾ റോഡിൽനിന്ന്‌ മാറ്റിയത്. സംഭവത്തിൽ വെസ്റ്റ് പോലീസ് കേസെടുത്തു.