കടുത്തുരുത്തി : കുറുപ്പന്തറ കവലയിലെ സിഗ്‌നൽ ലൈറ്റുകളുടെ പ്രവർത്തനം മുടങ്ങിയിട്ട് രണ്ടുവർഷം പിന്നിട്ടു. ആദ്യകാലത്ത് മഞ്ഞ ലൈറ്റെങ്കിലും തെളിഞ്ഞിരുന്നു. ഇപ്പോഴതുമില്ലെന്ന്‌ നാട്ടുകാർ. ഒന്നര വർഷത്തോളമായി ലൈറ്റുകൾ പൂർണമായും പ്രവർത്തനരഹിതമാണെന്നാണ് നാട്ടുകാർ പറയുന്നത്. സിഗ്‌നൽ സംവിധാനം ഇല്ലാതായതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നത് പലപ്പോഴും അപകട കാരണമാകുന്നു. ജങ്‌ഷനിൽ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ട് നാലുവർഷത്തിലേറേയായി. വാഹനാപകടങ്ങൾ പതിവായതോടെയാണ് കവലയിൽ സിഗ്‌നൽ സംവിധാനം ഏർപെടുത്തിയത്. 20 ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു പൊതുമരാമത്ത് വകുപ്പ് സിഗ്‌നൽ ലൈറ്റുകൾ ജങ്‌ഷനിൽ സ്ഥാപിച്ചത്. സിഗ്‌നൽ സംവിധാനം നിലവിൽ വന്നതോടെ ജങ്‌ഷനിലെ വാഹനാപകടങ്ങൾ കുറഞ്ഞതായി അധികൃതരും വ്യാപാരികളും സമ്മതിക്കുന്നുണ്ട്. എന്നാൽ വാഹനങ്ങളുടെ എണ്ണം പെരുകിയതോടെ പലപ്പോഴും ഇതുവഴി കടന്നുപോകാൻ കഴിയാത്തത്ര തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കുള്ള സമയങ്ങളിൽ വലിയ വാഹനങ്ങളും ഇതുവഴി കടന്നുവരുന്നു. ഇതോടെ വഴിയാത്രക്കാർക്കു കടന്നുപോകാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ്. അനധികൃത പാർക്കിങും തിരക്കേറിയ ഇടങ്ങളിലെ ഗതാഗത കുരുക്ക്‌ രൂക്ഷമാക്കും.