പാലാ : പാൻക്രിയാസിൽനിന്ന്‌ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ മുഴ നീക്കംചെയ്ത്‌ പാലാ മാർ സ്ലീവാ മെഡിസിറ്റി. 56-വയസ്സുകാരി കട്ടപ്പന സ്വദേശിനിയായ രോഗിയെയാണ്‌ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത്‌.

രോഗിയെ അൾട്രാസൗണ്ട് സ്‌കാനിങ്ങിന് വിധേയയാക്കിയപ്പോൾ പാൻക്രിയാസിൽ മുഴ ഉണ്ടെന്ന്‌ കണ്ടെത്തി.

താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കംചെയ്യാൻ ഡോക്‌ടർമാർ തീരുമാനിച്ചു. ഒൻപതുമണിക്കൂർ നീണ്ടുനിന്ന ലാപ്പറോസ്കോപ്പിക് വിപ്പിൾ ശസ്ത്രക്രിയയിലൂടെയാണ്‌ മുഴ പൂർണമായും നീക്കംചെയ്തത്‌. കാൻസറിന് കാരണമായേക്കാവുന്ന മുഴകളെ നീക്കംചെയ്യുന്ന ശസ്ത്രക്രിയയാണ് വിപ്പിൾ ശസ്ത്രക്രിയ.

കരൾ, അന്നനാളം, കുടലിനെ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പരിഹാരം കാണുന്ന സെന്ററായി മാർ സ്ലീവാ മെഡിസിറ്റി പാലാ മാറിയെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അവകാശപ്പെട്ടു.

സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കെ.പി.മഞ്ജുരാജിന്റെ നേതൃത്വത്തിൽനടന്ന ശസ്ത്രക്രിയയിൽ മെഡിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം കൺസൾട്ടന്റ്‌സ് ഡോ. പ്രിജിത് അബ്രഹാം, ഡോ. ഫിലിപ്പ് ഡാനിയേൽ, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ബേസിൽ പോൾ, ഡോ. ലിബി ജി.പാപ്പച്ചൻ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. വിശാഖ് എസ്., ഡോ. സൗമ്യാ റഷീദ്, അലക്‌സ് ലൂക്കോസ് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.