കാഞ്ഞിരപ്പള്ളി : താലൂക്കിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ (സി.എഫ്.എൽ.ടി.സി.) പ്രവർത്തിക്കുന്നില്ല. കൂടുതൽ ചികിത്സ ആവശ്യമായിവരുന്ന കോവിഡ് ബാധിതരെ ജില്ലാ ആശുപത്രി, പാലാ ഗവ.ആശുപത്രി എന്നിവിടങ്ങളിലെത്തിച്ച് ചികിത്സ ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ കോവിഡ് സെക്കൻഡറി ട്രീറ്റ്‌മെന്റ്‌ സെന്റർ പ്രവർത്തിക്കുന്നു. ജനറൽ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ കപ്പാട് ബെനഡിക്ടൻ ഹോസ്റ്റലിൽ, കൂവപ്പള്ളി അമൽ ജ്യോതി കോളേജിലും, എരുമേലി പഞ്ചായത്തിൽ മുക്കൂട്ടുതറ അസീസി നേഴ്‌സിങ് സ്‌കൂളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തുറന്നിരുന്നു. സ്‌കൂളും കോളേജുകളും തുറക്കുന്നതിനോട് അനുബന്ധിച്ച് ഇവ അടച്ചു. എന്നാൽ, പിന്നീട് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങൾ ലഭിക്കാതെ വന്നതോടെ സി.എഫ്.എൽ.ടി.സി.കൾ തുടങ്ങാനായില്ല. നൂറിലധികം കിടക്കകളും മെഡിക്കൽ സംഘങ്ങളുമടങ്ങിയ സൗകര്യങ്ങളോടെയാണ് സി.എഫ്.എൽ.ടി.സി.കൾ പ്രവർത്തിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി, എരുമേലി, പാറത്തോട് എന്നിവിടങ്ങളിൽ നിരീക്ഷണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. പാറത്തോട്ടിൽ നിലവിൽ പ്രവർത്തനമില്ല. ആളുകളെത്തിയാൽ സെന്റർ സജ്ജമാണെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതോടെ ട്രീറ്റ്‌മെന്റ്‌ സെന്ററുകളുടെ ആവശ്യകതയേറും. ചികിത്സ ആവശ്യമായ കോവിഡ് ബാധിതരെ കോട്ടയത്തും പാലായിലും എത്തിക്കേണ്ട സ്ഥിതിയാണുള്ളത്.