കോട്ടയം : കോട്ടയം, അറുപറയിൽനിന്ന് കാണാതായ ദമ്പതിമാരുടെ അന്വേഷണവുമായി ബന്ധപ്പെട്ട് നാട്ടകം, മുട്ടത്തെ പാറമട വറ്റിക്കാനൊരുങ്ങി അന്വേഷണസംഘം. ഇതിനായി കാടുപിടിച്ചുകിടക്കുന്ന പാറമടയുടെ പരിസരം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കോട്ടയം നഗരസഭാ അധികൃതർക്ക് നോട്ടീസ് നൽകി.

2017 ഏപ്രിൽ ആറിനാണ് കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. സംഭവദിവസം വൈകീട്ട് സ്വന്തം കാറിൽ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ഇവരെ കാണാതാവുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിലുള്ള വെള്ളക്കെട്ടുകളിലും വാഹനം വീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. മുട്ടത്തെ പാറക്കുളം വലുതും നാല്പത് അടിയിലേറെ താഴ്ചയുള്ളതുമാണ്. ഇത് കാടുകയറിക്കിടക്കുകയാണ്. അടുത്തയിടെയാണ് പാറക്കുളത്തിന് ചുറ്റുമതിൽ കെട്ടിയത്. 1995-ൽ കാണാതായ ആറാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹ അവശിഷ്ടങ്ങൾ 19 വർഷങ്ങൾക്കുശേഷം 2014-ൽ മുട്ടത്തെ ഈ പാറക്കുളത്തിൽനിന്ന് കണ്ടെത്തിയിരുന്നു. ഒപ്പം വിദ്യാർഥിയെ കൊലപ്പെടുത്തിയ പ്രതികളിലൊരാളുടെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. വിദ്യാർഥിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ഓട്ടോറിക്ഷയിലെത്തിച്ച് പാറക്കുളത്തിൽ തള്ളുകയായിരുന്നു.

ദമ്പതിമാരെ കാണാതായശേഷം പോലീസും നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ല. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ വിവരംപോലും ലഭിച്ചിട്ടില്ല.

വനമേഖലകൾ, മലയടിവാരങ്ങൾ എന്നിവിടങ്ങളിലും മീനച്ചിലാർ, തണ്ണീർമുക്കം വേമ്പനാട്ടുകായൽ എന്നിവിടങ്ങളിൽ നാവികസേനയുടെ സഹായത്തോടെയും തിരച്ചിൽ നടത്തിയിരുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹഷീമിന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്‌. ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാതിരിക്കെയാണ് നാട്ടകത്തെ പാറക്കുളം വറ്റിക്കാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് നീങ്ങുന്നത്.