പനച്ചിക്കാട് : വിദ്യാദേവതയ്ക്കുമുൻപിൽ അക്ഷരം കുറിച്ച് കുരുന്നുകൾ. പ്രതികൂല സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പനച്ചിക്കാട് ദക്ഷിണമൂകാംബിയിൽ വിദ്യാരംഭച്ചടങ്ങുകൾ മുടക്കമില്ലാതെ നടന്നു. മുൻകൂട്ടി പേര് നൽകിയവർക്ക് അനുവദിച്ചുകിട്ടിയ സമയത്ത് കുട്ടികളെ എഴുത്തിനിരുത്താനായി.

സരസ്വതിമണ്ഡപത്തിൽ വിജയദശമിദിനം പുലർച്ചെ നാലുമണിക്ക് പൂജയെടുപ്പ് നടന്നു. തുടർന്ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നന്പൂതിരിപ്പാട്, ക്ഷേത്രം മാനേജർ കെ.എൻ.നാരായണൻ നമ്പൂതിരി, മേൽശാന്തി കൈമൂക്കില്ലം നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ വിദ്യാമണ്ഡപത്തിൽ വിദ്യാരംഭച്ചടങ്ങുകൾ ആരംഭിച്ചു. പുലർച്ചെ തുടങ്ങിയ ചടങ്ങ് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ നീണ്ടു.‌

മഹാനവമി ദിവസം പ്രമുഖ കലാപ്രതിഭകൾ പങ്കെടുത്ത് ദക്ഷിണമൂകാംബി സംഗീതോത്സവം, ആയാംകുടി മണിയുടെ സംഗീതസദസ്സ് എന്നിവയുണ്ടായിരുന്നു. കോവിഡ് സാഹചര്യത്തിൽ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകിയായിരുന്നു നവരാത്രിയാഘോഷം. സേവാഭാരതി പ്രവർത്തകർ, പോലീസ്, വൊളന്റിയർമാർ തുടങ്ങിയവർ ഭക്തരെ സഹായിക്കാൻ ആദ്യവസാനം നിലയുറപ്പിച്ചു.