പാലാ : ഇന്നലെ വീശിയടിച്ച ചുഴലിക്കാറ്റിലും പേമാരിയിലും നാട്ടുകാരുടെ കൂട്ടായ്മ ശ്രദ്ധേയമായി. കരൂർ, മുത്തോലി, കിടങ്ങൂർ, കൊഴുവനാൽ പഞ്ചായത്തുകളിൽ നാശംവിതച്ച കാറ്റിൽ ദുരിതത്തിൽ പെട്ടവർക്ക് രക്ഷകരായത് സമീപവാസികൾ തന്നെ. കോവിഡിനെ പേടിച്ച് വീടുകളിൽ കഴിഞ്ഞിരുന്നവർ അപകടവിവരമറിഞ്ഞതോടെ എല്ലാം മറന്ന് ഓടിയെത്തുകയായിരുന്നു. അഗ്നിരക്ഷാ സേനയും പോലീസും ജനപ്രതിനിധികളും എത്തും മുമ്പ് കാറ്റിനെയും മഴയെയും വകവെയ്ക്കാതെ അവർ ഒരുമെയ്യായ് രക്ഷയ്ക്കെത്തി.

കട്ടൻസ് പണിക്കാരും തടിവെട്ട് തൊഴിലാളികളും വാളുകളും മോട്ടോർ ഉപകരണങ്ങളുമായി ദ്രുതവേഗത്തിൽ കർമനിരതരായി. റോഡുകളും മറ്റും പൂർണമായി അടഞ്ഞതോടെ രക്ഷാപ്രവർത്തകർക്ക് ദുരിതമേഖലകളിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. വീട് നഷ്ടപ്പെട്ടവരെയും കൃഷിനാശം സംഭവിച്ചവരെയും ആശ്വസിപ്പിക്കാനും മുന്നിട്ടിറങ്ങി സഹായം ചെയ്യാനും നാട്ടുകാർ ഒത്തുകൂടി. നഷ്ടത്തിൽ വിറങ്ങലിച്ച് നിന്നവരെ സ്വന്തം വീടുകളിലേക്ക് കൂട്ടുകൊണ്ടുപോയി സംരക്ഷണം നൽകാനും ആഹാരം ഉൾപ്പെടെ നൽകാനും പലരും മുന്നിട്ടിറങ്ങി. കോവിഡ് മഹാമാരിയിലും സഹജീവികളോടുള്ള കരുതലിൽ മാതൃക സൃഷ്ടിക്കുന്ന കാഴ്ചകളായിരുന്നു പലയിടത്തും കണ്ടത്.