കടുത്തുരുത്തി : വാഹനഷോറൂമിന് മുൻവശത്ത് വെച്ചിരുന്ന ബൈക്ക് മോഷണംപോയി.

കുറുപ്പന്തറ ഇരവിമംഗലം കുര്യത്ത് വീട്ടിൽ അശോക് സന്തോഷിന്റെ ബൈക്കാണ് മാന്നാർ സിലോൺ കവലയ്ക്ക് സമീപമുള്ള മ്യാലിപ്പറമ്പിൽ മോട്ടോഴ്സിന് മുന്നിൽനിന്ന്‌ മോഷണംപോയത്. ചൊവ്വാഴ്ച വൈകീട്ട് 4.20-ഓടെയായിരുന്നു സംഭവം.

കുറുപ്പന്തറയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നയാളാണ് അശോക് സന്തോഷ്.

ഇയാളുടെ ജോലിക്കാരനായ ഇടയാഴം സ്വദേശി തങ്കച്ചൻ മ്യാലിപ്പറമ്പിൽ മോട്ടോഴ്സിന്റെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾക്കായി സന്തോഷിന്റെ ബൈക്കിലാണ് രാവിലെ ഇവിടെയെത്തിയത്. ഈ ബൈക്കാണ് കെട്ടിടത്തിനുള്ളിൽ ജോലി നടക്കുന്നതിനിടെ മോഷ്ടിക്കപ്പെട്ടത്.

താക്കോൽ ബൈക്കിലുണ്ടായിരുന്നു. കോട്ടയം-എറണാകുളം റോഡിന് സമീപത്തുള്ള റോഡിലൂടെ തലയോലപ്പറമ്പ് ഭാഗത്തേക്ക്‌ നടന്നുപോകുന്ന, പാന്റ്‌സും ഷർട്ടും ധരിച്ച യുവാവ് ഷോറൂമിന് മുന്നിൽവന്ന് അല്പനേരം നിന്നശേഷം വാഹനം സ്റ്റാർട്ടാക്കി പോകുന്ന ദൃശ്യങ്ങൾ ഇവിടത്തെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.

തലയോലപ്പറമ്പ് ഭാഗത്തേക്കാണ് യുവാവ് പോയത്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.