ചെറുവള്ളി : വാഴൂർ വലിയതോട്ടിലെ കൈലാത്തുകവല പാലത്തുപടി തടയണയുടെ അറ്റകുറ്റപ്പണി വൈകുന്നു. ജലസേചനവകുപ്പിൽനിന്ന് ഒൻപതുലക്ഷം രൂപ അനുവദിച്ചെങ്കിലും മാസങ്ങൾക്കുമുൻപ് തടയണ പ്രദേശത്തെ മണൽവാരി നീക്കിയതല്ലാതെ മറ്റുപണികളൊന്നും നടത്തിയില്ല.

ഷട്ടറുകൾ തുറന്നിട്ടിരിക്കുന്നതിനാൽ വെള്ളം തങ്ങിനിൽക്കുകയുമില്ല. നിലവിൽ അടിത്തറയുടെ സമനിരപ്പിൽ കെട്ടിനിൽക്കുന്ന വെള്ളം മാത്രമാണുള്ളത്. മുപ്പതുവർഷം മുൻപ് ജലസേചനവകുപ്പ് 30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണീ തടയണ.

വാഴൂർ വലിയതോട്ടിലെ ആദ്യ തടയണയാണിത്.

1983-ലെ കൊടിയ വേനൽമുതൽ പ്രദേശം കടുത്ത വരൾച്ചയെ നേരിട്ടപ്പോഴാണ് തടയണ വേണമെന്ന ആശയം ഉയർന്നത്. ഈ പ്രദേശത്തെ കിണറുകൾ ജലസമൃദ്ധമായത് ഈ തടയണ നിർമിച്ചതിന് ശേഷമാണെന്ന് ഇതിനായി മുൻകൈയെടുത്ത പാലത്ത് രാജപ്പൻ നായർ പറഞ്ഞു.

തടയണയുടെ അറ്റകുറ്റപ്പണികൾ തീർത്ത് ഷട്ടറുകൾ അടച്ചില്ലെങ്കിൽ വേനൽമഴയിൽ ഒഴുകിയെത്തുന്ന വെള്ളം നഷ്ടപ്പെടാനും പ്രദേശത്ത് കുടിവെള്ളക്ഷാമത്തിനും കാരണമാകും.