പാലാ : ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷന്റെ പരിധിയിലുള്ള മുത്തോലി, കൊഴുവനാൽ, കീടങ്ങൾ, അകലക്കുന്നം, എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിലുള്ള 56 പഞ്ചായത്ത് വാർഡുകളിലായി വിവിധ പദ്ധതികൾക്കായി നാലു കോടി രൂപയുടെ നിർമാണപ്രവർത്തങ്ങൾ നടക്കുന്നതായി ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ അറിയിച്ചു. ആറു പഞ്ചായത്തുകളിലെ വിവിധ ജങ്ഷനുകളിൽ 55 ചെറിയ ഉയര വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ നിർമാണം ആരംഭിച്ചു. കൊഴുവനാൽ പഞ്ചായത്തിലെ പുത്തൻപുര ചെരിപുറം റോഡിന് 21 ലക്ഷം രൂപയും മോനിപ്പള്ളി -വാപ്പുലം റോഡിന് 15 ലക്ഷം രൂപയും തോടനാൽ പന്നിയാമറ്റം റോഡിന് 25 ലക്ഷം രൂപയും അനുവദിച്ചു. കിടങ്ങൂർ പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായി ആരംഭിക്കുന്ന ബഡ്‌സ്‌കൂൾ കെട്ടിട നിർമാണത്തിന് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കെഴുവംകുളം ജലവിതരണപദ്ധതിയ്ക്ക് 10 ലക്ഷം രൂപ അനുവദിച്ചു. കിടങ്ങൂർ, മുത്തോലി പഞ്ചായത്തുകൾക്ക് ആംബുലൻസ് നൽകുന്നതിന് 22 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ രണ്ട് പഞ്ചായത്തുകൾക്കും ആംബുലൻസ് ലഭ്യമാക്കുന്നതാണ്. ഒരുഗ്രാമത്തിൽ ഒരു ബാഡ്മിന്റൺ കോർട്ട് എന്ന പദ്ധതിയിൽ അടുത്ത നാലുവർഷംകൊണ്ട് 20 ഇൻഡോർ ഷട്ടിൽ കോർട്ടുകൾ നിർമിക്കുന്ന പദ്ധതിക്ക്‌ തുടക്കമായി .കൊഴുവനാൽ പഞ്ചായത്തിലെ തോടനാലിൽ ഇൻഡോർ ഷട്ടിൽ കോർട്ട് നിർമിക്കുന്നതിന് 25 ലക്ഷം രൂപയും പുലിയന്നൂർ ഇൻഡോർ ഷട്ടിൽ കോർട്ടിന് 10 ലക്ഷം രൂപയും അനുവദിച്ചു. നിർമാണ പ്രവർത്തനങ്ങൾ മാർച്ചിൽ പൂർത്തീകരിക്കും. കടപ്പാട്ടൂർ പ്രന്തണ്ടാംമൈൽ ബൈപ്പാസ് റോഡിൽ മുത്തോലി പഞ്ചായത്ത് പരിധിയിലുള്ള ഒന്നര കിലോമീറ്റർ ദൂരം തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ഏഴുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.