കുറവിലങ്ങാട് : മാമ്പഴക്കാലം കഴിഞ്ഞതോടെ സുന്ദരൻ സിംല ആപ്പിളാണ്‌ വഴിയോരകച്ചവടക്കാരുടെ ഇഷ്ട പഴം.

ഗുണവും രുചിയും നിറഞ്ഞ ആപ്പിളുകൾ ഒന്നരക്കിലോ 100 രൂപയ്ക്ക്‌ വഴിയോരങ്ങളിൽ യഥേഷ്ടം ലഭ്യമാണ്. കോവിഡ് തീർത്ത പ്രതിസന്ധിയും ഇക്കൊല്ലത്തെ നല്ല വിളവുമാണ്‌ വിലക്കുറവിൽ ആപ്പിൾ വഴിയോരങ്ങളിൽ പോലും സുലഭമായി ലഭിക്കാൻ കാരണം. ഓഗസ്റ്റ് ആദ്യവാരംവരെ മാമ്പഴമായിരുന്നു വഴിയോരങ്ങളിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നത്.

ജനപ്രിയ മാമ്പഴങ്ങൾവരെ വൻ വിലക്കുറവിൽ എത്തിയിരുന്നു. മാമ്പഴക്കാലം കഴിഞ്ഞതോടെയാണ് ആപ്പിൾ വഴിയോരവിപണിയിൽ സ്ഥാനംപിടിച്ചത്. സിംലയിൽനിന്നുള്ള ആപ്പിളുകളാണ്‌ 100 രൂപയ്ക്ക് ഒന്നരകിലോ വീതം വിൽക്കുന്നത്. മൂന്നിനം സിംല ആപ്പിൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കൂടിയ ഇനത്തിന് 100 മുതൽ 120 രൂപ വരെയാണ്‌ വില. വലുപ്പം കുറഞ്ഞ റെഡ് ഗോൾഡ് ആണ്‌ ഒന്നരകിലോ 100 രൂപയ്ക്ക് വഴിയോരങ്ങളിൽ വിൽക്കുന്നത്.