കാഞ്ഞിരപ്പള്ളി : ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിനെചൊല്ലിയുള്ള തർക്കം ആശുപത്രി കാന്റീനിൽ സംഘർഷത്തിനിടയാക്കി. ഭക്ഷണം കഴിക്കാനെത്തിയവർ ജീവനക്കാരെ മർദിച്ചു.

പാറത്തോട് പള്ളിപ്പടി ഹൈറേഞ്ച് ആശുപത്രി കാന്റീനിൽ തിങ്കളാഴ്ച അഞ്ചോടെയാണ് സംഭവം. സംഘർഷത്തിൽ പരിക്കേറ്റ ആശുപത്രി ജീവനക്കാരായ ഇടക്കുന്നം മ്ലാവത്ത് തൗഫീഖ് (42), സഹോദരൻ ഹാരിസ് (35), പെരിയാർ വട്ടപ്പറമ്പിൽ ജയറാം (47), തെക്കിനേത്ത് ഷാജഹാൻ (40) എന്നിവർക്കാണ് പരിക്കേറ്റത്.

ജീവനക്കാരെ മർദിക്കുകയും കാന്റീനിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്.

കാന്റീനിൽ ഭക്ഷണംകഴിക്കാനെത്തിയവർ ആദ്യം ഇരുന്നുകഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് ഓംലെറ്റിന് ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയുമായിരുന്നു. തുടർന്ന് ഇത് അടിപിടിയിൽ കലാശിച്ചെന്ന്‌ പോലീസ് പറയുന്നു. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരേ പോലീസ് കേസെടുത്തു.